കുടുംബത്തിന്റെ അറ്റോർണി അധികാരത്തിൽ നിന്നും ദീപിക രജാവത്തിനെ പിൻവലിച്ചതായും പെൺകുട്ടിയുടെ കുടുംബം അറിയിച്ചു.  

ജമ്മു: കത്വ ബലാത്സംഗ കേസ് അഭിഭാഷക ദീപിക സിം​ഗ് രജാവത്തിനെ കേസിൽ നിന്ന് മാറ്റിയതായി പെൺകുട്ടിയുടെ കുടുംബം. നിരവധി ബലാത്സം​ഗ-വധ ഭീഷണികളാണ് ഈ കേസ് ഏറ്റെടുത്തതിനെ തുടർന്ന് ദീപികയ്ക്ക് നേരിടേണ്ടി വന്നത്. മാത്രമല്ല, കഴിഞ്ഞ അഞ്ചുമാസങ്ങളിൽ നടന്ന വാദങ്ങളിൽ രണ്ടോ മൂന്നോ തവണ മാത്രമേ ദീപിക സിം​ഗ് കോടതിയിൽ ഹാജരായിട്ടുള്ളൂ എന്നും പെൺകുട്ടിയുടെ കുടുംബം വ്യക്തമാക്കുന്നു. കുടുംബത്തിന്റെ അറ്റോർണി അധികാരത്തിൽ നിന്നും ദീപിക രജാവത്തിനെ പിൻവലിച്ചതായും പെൺകുട്ടിയുടെ കുടുംബം അറിയിച്ചു. 

കത്വ കേസ് സ്വമേധയാ ഏറ്റെടുത്ത് ദീപിക സിം​ഗ് മുന്നോട്ട് വരികയായിരുന്നു. അതിക്രൂരമായി കൊല ചെയ്യപ്പെട്ട എട്ടുവയസ്സുകാരിക്ക് നീതി നേടിക്കൊടുക്കാൻ മുന്നോട്ട് വന്നതിൽ ദീപികയ്ക്ക് അതികഠിനമായ ഭീഷണിയാണ് നേരിടേണ്ടി വന്നത്. പത്താൻകോട്ടിൽ എത്തുന്ന അവസരങ്ങളിലെല്ലാം ഇവരെ കൊലപ്പെടുത്തുമെന്ന ഭീഷണി നിലനിന്നിരുന്നു. 

കഴിഞ്ഞ ജനുവരി മാസത്തിലാണ് ജമ്മൂ കാശ്മീരിലെ കത്വയിൽ എട്ടു വയസ്സുകാരി പെൺകുട്ടിയെ എട്ടു പേർ ചേർന്ന് അതിക്രൂരമായി ബലാത്സം​ഗം ചെയ്ത് കൊന്നത്. ന്യൂനപക്ഷ വിഭാ​ഗത്തിൽ പെട്ട പെൺകുട്ടിയായിരുന്നു എട്ടുവയസ്സുകാരി.