ജമ്മുവിൽ വാടകയ്ക്ക് ഒരു വീട് ആരും നൽകുന്നില്ലെന്ന് ദീപിക പറയുന്നു. ആറ് വയസ്സുള്ള മകൾക്കൊപ്പമാണ് ദീപിക സിംഗ് ക്വാർട്ടേഴ്സിൽ താമസിച്ചിരുന്നത്.
ശ്രീനഗർ: ജമ്മു കാശ്മീരിലെ കത്വയിൽ പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട എട്ടുവയസ്സുകാരി പെൺകുട്ടിയുടെ മുൻ അഭിഭാഷക ദീപിക സിംഗ് രജാവത്തിന് താമസിക്കാൻ വാടക വീട് പോലും ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട്. കത്വ കേസിൽ നിന്ന് പെൺകുട്ടിയുടെ കുടുംബം ദീപിക സിംഗ് രജാവത്തിനെ മാറ്റിയിരുന്നു. ഇതിനെ തുടർന്ന് താമസിച്ചിരുന്ന സർക്കാർ ക്വാർട്ടേഴ്സ് ഒഴിയണമെന്ന നിർദ്ദേശവുമെത്തി. ജമ്മുവിൽ വാടകയ്ക്ക് ഒരു വീട് ആരും നൽകുന്നില്ലെന്ന് ദീപിക പറയുന്നു. ആറ് വയസ്സുള്ള മകൾക്കൊപ്പമാണ് ദീപിക സിംഗ് ക്വാർട്ടേഴ്സിൽ താമസിച്ചിരുന്നത്.
എട്ടുവയസ്സുകാരിക്ക് നീതി നേടിക്കൊടുക്കാൻ സ്വമേധയാ മുന്നിട്ടിറങ്ങിയ ദീപികയ്ക്ക് നിരവധി ഭീഷണികൾ ഉണ്ടായിരുന്നു. വധഭീഷണി വരെ നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് കാശ്മീർ മുഖ്യമന്ത്രിയായ മെഹബൂബ മുഫ്തി സർക്കാർ ക്വാർട്ടേഴ്സിൽ താമസിക്കാൻ അനുമതി നൽകിയത്. വാക്കു കൊണ്ട് മാത്രമായിരുന്നു ഈ അനുമതി. എന്നാൽ മുഫ്തി ഗവൺമെന്റ് അധികാരമൊഴിഞ്ഞതോടെ ക്വാർട്ടേഴ്സ് ഒഴിഞ്ഞു കൊടുക്കാനുള്ള നിർദ്ദേശവുമെത്തി. കാശ്മീരിലിപ്പോൾ നിലനിൽക്കുന്നത് ഗവർണർ ഭരണമാണ്.
ദീപിക സിംഗിന്റെ അവസ്ഥ വെളിപ്പെടുത്തി മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തിരുന്നു. ജനുവരി പത്തിനാണ് ജമ്മു കാശ്മീരിലെ കത്വയിൽ എട്ടുവയസ്സുകാരി അതിക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന മുറിവുകളായിരുന്നു പെൺകുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നത്.
