കത്വ പീഡനം; നാട്ടുകാര്‍ തടഞ്ഞു, മകളെ തന്‍റെ മണ്ണില്‍ ഖബറടക്കാനാകാതെ പിതാവ്

First Published 15, Apr 2018, 5:25 PM IST
Kathua rape victim buried 8km from village after locals refuse land
Highlights
  • രസാനയില്‍ ഖബറക്കാന്‍ നാട്ടുകാര്‍ സമ്മതിച്ചില്ല
  • ഒടുവില്‍ അവള്‍ക്ക് അന്ത്യവിശ്രമമൊരുക്കിയത് എട്ട് കിലോമീറ്റര്‍ അകലെ

 

 

ശ്രീനഗര്‍: കത്വയിലെ രസാന ഗ്രാമത്തില്‍നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ് ഗോതമ്പ് വിളഞ്ഞു നില്‍ക്കുന്ന കാനാഹ് ഗ്രാമം. ഗോതമ്പ് പാടത്തിന്‍റെ ഒരികിലായി ഒരു കുഞ്ഞ് ഖബറിടമുണ്ട്. എട്ട് വയസ്സ് മാത്രം പ്രായമുള്ള, കൂട്ട ബലാത്സംഗത്തെ തുടര്‍ന്ന് അതിരക്രൂരമായി കൊല്ലപ്പെട്ട ആ കാശ്മീരി പെണ്‍കുട്ടിയുടെ. നനഞ്ഞ മണ്ണുകൊണ്ടും വലിയ ഉരുളന്‍ കല്ല് കൊണ്ടും മൂടിവച്ച അഞ്ചടിയോളമുള്ള ആ ഖബറിടം മാത്രമാണ് അവളുടെ ഭൂമിയിലെ ശേഷിപ്പ്. 

പെണ്‍കുട്ടിയുടെ അകന്ന ബന്ധുവിന്‍റേതാണ് ഈ ഭൂമി. ജനുവരി 17ന് മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ  രസാനയിലെ തന്‍റെ ഭൂമിയില്‍ ഖബറടക്കണമെന്നായിരുന്നു പിതാവിന്‍റെ ആഗ്രഹം. അദ്ദേഹത്തിന്‍റെ അമ്മയെയും മൂന്ന് മക്കളെയും ഖബറടക്കിയത് ആ മണ്ണിലായിരുന്നു. എന്നാല്‍ രസാനയിലെ ജനങ്ങള്‍ അതിന് അനുവദിച്ചില്ല.
 
അപ്പോള്‍ സമയം സന്ധ്യയ്ക്ക് ആറ് മണിയായിരുന്നു. ഖബറടക്കുന്നതിനായി പകുതിയോളം കുഴിയെടുത്തിരുന്നു. അപ്പോഴാണ് ഗ്രാമവാസികള്‍ അവിടെയെത്തിയതും ഖബറടക്കത്തെ എതിര്‍ത്തതും. തങ്ങളുടെ ഭൂമിയല്ല എന്നാണ് അവര്‍ വാദിച്ചതെന്നും പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ പറഞ്ഞു. ഇതോടെ പെണ്‍കുട്ടിയുടെ ബന്ധു ഖബറടക്കത്തിനായുള്ള സ്ഥലം വിട്ട് നല്‍കുകയായിരുന്നു. 

പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പ്രദേശത്തെ ഹിന്ദു കുടുംബത്തില്‍ നിന്നാണ് ഈ ഭൂമി വാങ്ങിയത്. എന്നാല്‍ മതിയായ രേഖകള്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ കയ്യില്‍ ഉണ്ടായിരുന്നില്ല. ഈ അവസരം മുതലാക്കുകയായിരുന്നു ഗ്രാമവാസികള്‍. 

ജനുവരിയിലെ കൊടുംമഞ്ഞില്‍ പെണ്‍കുട്ടിയുടെ മൃതദേഹവുമായി ആ കുടുംബം എട്ട് കിലോമീറ്റര്‍ അകലെയുള്ള ബന്ധുവിന്‍റെ കാനാഹ് ഗ്രാമത്തിലെ ഭൂമിയിലെത്തിയാണ് ഒടുവില്‍ അവളെ ഖബറടക്കിയത്. 

അതിക്രൂരമായി ലൈംഗികാതിക്രമത്തിന് വിധേയയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് ജമ്മുകശ്മീരില്‍ ബക്കര്‍വാള്‍ സമൂഹത്തിന്റെ പ്രക്ഷോഭം വ്യാപകമായിരുന്നു. ഈ പ്രക്ഷോഭങ്ങല്‍ക്കൊടുവില്‍ ജനുവരി 22നാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറുന്നത്. ഇതിനിടെ പ്രതിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഹിന്ദു ഏക്ത മഞ്ച് എന്ന സംഘടനയുടെ നേതൃത്വത്തില്‍ ഫെബ്രുവരിയിലായിരുന്നു ദേശീയ പതാക ദുരുപയോഗം ചെയ്തുകൊണ്ടുള്ള പ്രതിഷേധം.

കൊല്ലപ്പെടുന്നതിനു മുമ്പ് പെണ്‍കുട്ടി മൂന്നു തവണ കൂട്ടബലാത്സംഗത്തിന് ഇരയായെന്നും മുമ്പ് മയക്കുമരുന്ന് നല്‍കിയെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. കുട്ടിയെ കഴുത്തുഞെരിച്ച് കൊന്നശേഷം മരിച്ചെന്ന് ഉറപ്പുവരുത്താനായി വലിയ കല്ലുകൊണ്ട് രണ്ടുവട്ടം തലയ്ക്കടിച്ചുവെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

photo courtesy : HindustanTimes
 

loader