ജലന്ദർ: ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങളെല്ലാം ആയിരം വർഷങ്ങൾക്ക് മുമ്പ് തന്നെ ഇന്ത്യയിൽ നിലനിന്നിരുന്നുവെന്ന ആവകാശവാദവുമായി ആന്ധ്രാ സർവ്വകലാശാല വൈസ് ചാൻസിലർ ജി നാഗേശ്വർ റാവു. മഹാഭാരതത്തിലെയും രാമായണത്തിലെയും ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് റാവു ഇക്കാര്യം സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്. ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. 

സ്റ്റെം സെല്‍ റിസര്‍ച്ച്, ടെസ്റ്റ് ട്യൂബ് ഫെര്‍ട്ടിലൈസേഷന്‍, ഗയിഡഡ് മിസൈല്‍ തുടങ്ങിയവ നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ രാജ്യത്ത് നിലനിന്നിരുന്നുവെന്നും റാവു സമര്‍ത്ഥിക്കുന്നു. ഒരു അമ്മയിൽ നിന്ന് നൂറ് കൗരവ പുത്രന്മാര്‍ ഉണ്ടായി. ഇത് സ്‌റ്റെം റിസര്‍ച്ചും ടെസ്റ്റ് ട്യൂബ് സാങ്കേതിക വിദ്യയുമുള്ളത് കൊണ്ടാണ്. ഇതായിരുന്നു ഈ രാജ്യത്തെ ശാസ്ത്രമെന്നും നാഗേശ്വര്‍ റാവു പറഞ്ഞു.

രാവണന് 24 തരം വിമാനങ്ങൾ സ്വന്തമായിയുണ്ടായിരുന്നു. അവ പല വിലിപ്പത്തിലും തരത്തിലും ഉള്ളവയാണ്. കൂടാതെ രാവണന് ലങ്കയിൽ എയർപോർട്ടുകൾ ഉണ്ടായിരുന്നുവെന്നും റാവു അവകാശപ്പെടുന്നു. മഹാഭാരതത്തില്‍  നൂറ് അണ്ഡങ്ങൾ മൺ കലങ്ങളിൽ നിക്ഷേപിച്ചുവെന്ന് പറഞ്ഞിട്ടില്ലേ ? അത് ടെസ്റ്റ് ട്യൂബ് ശിശുക്കൾ അല്ലാതെ എന്താണെന്നും റാവു ചോദിക്കുന്നു.

രാമന്‍ ഉപയോഗിച്ചിരുന്ന അസ്ത്രങ്ങളും ആയുധങ്ങളും ലക്ഷ്യസ്ഥാനത്ത് പ്രഹരമേല്‍പ്പിച്ച ശേഷം തിരിച്ചെത്തിയിരുന്നു. ഗൈഡഡ് മിസൈല്‍ സാങ്കേതിക വിദ്യയും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ ഉണ്ടായിരുന്നുവെന്നതിന് തെളിവാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ജയ് ജവാന്‍, ജയ് കിസാന്‍, ജയ് വിജ്ഞാന്‍ എന്ന മുദ്രാവാക്യത്തോടൊപ്പം ജയ് അനുസന്ധാന്‍ (ഗവേഷണം ജയിക്കട്ടെ) കൂടി കൂട്ടി ചേര്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനവേളയില്‍ പറഞ്ഞിരുന്നു.