കാവേരി നദിയിൽ നിന്ന് തമിഴ്‍നാടുമായി വെള്ളം പങ്കിടുന്നതിനെതിരെ കഴിഞ്ഞ തിങ്കാളാഴ്ചയുണ്ടായ പ്രതിഷേധത്തിനിടെ ഒരു കൂട്ടം ആൾക്കാർ ബംഗളുരു കെങ്കേരിയിലുള്ള കെപിഎൻ ട്രാവൽസിന്റെ ബസ് ഡിപ്പോയ്ക്ക് തീയിട്ടിരുന്നു. സംഭവത്തിൽ ഇവിടെയുണ്ടായിരുന്ന കെപിഎൻ ട്രാവൽസിന്‍റെയും എസ്ആർഎസിന്റേയും അമ്പത്തിയാറ് ബസുകളാണ് കത്തി നശിച്ചത്. സ്ഥലത്തുണ്ടായ സിസിടിവി ദൃശ്യങ്ങളും ജീവനക്കാർ നൽകിയ മൊബൈൽ കാമറ ദൃശ്യങ്ങളും പരിശോധിച്ച പൊലീസ് ഗിരിനഗർ സ്വദേശിയായ ഭാഗ്യശ്രീയേയും അറസ്റ്റ് ചെയ്തു. യുവതി ബസ് കത്തിക്കുന്നതിന് പ്രതിഷേധക്കാർക്ക് പെട്രോൾ എത്തിച്ചുനൽകുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
എന്നാല്‍ മട്ടൺ ബിരിയാണിയും നൂറ് രൂപയും വാഗ്ദാനം നൽകിയാണ് യുവതിയെ ഒരു സംഘം പ്രതിഷേധത്തിൽ പങ്കെടുക്കാൻ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയതെന്നാണ് അമ്മ യെല്ലമ്മ പറയുന്നത്. ദിവസക്കൂലിക്ക് പണിക്ക് പോകുന്നവരാണ് ഭാഗ്യശ്രിയുടെ കുടുംബം. ജോലി കഴിഞ്ഞ് ഉച്ചയോടെ വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് സുഹൃത്തുക്കള്‍ ഭാഗ്യശ്രീയെ കൂട്ടി കൊണ്ടു പോയതെന്നും യെല്ലമ്മ പറഞ്ഞു. എന്നാൽ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവം നടന്ന സ്ഥലത്തെ സി സി ടി വി ദൃശ്യത്തില്‍ നിന്ന് മറ്റൊരു സ്ത്രീയുടെ ദൃശ്യവും കണ്ടെത്തിയിട്ടുണ്ടെന്നും ബസ്സുകള്‍ കത്തിച്ചതിൽ ഇവര്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമായിട്ടില്ലെന്നും പോലീസ് പറഞ്ഞു.. ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 400 പേരിൽ ഏക വനിതയാണ് ഭാഗ്യശ്രീ.
