കെ സി വേണുഗോപാൽ കോൺഗ്രസിന്‍റെ ദേശീയ നേതൃത്വത്തിലെ സുപ്രധാന പദവിയിലേക്ക് ഉയരുമ്പോൾ സംസ്ഥാന കോൺഗ്രസിലെ അധികാരഘടനയിലും ചെറുതല്ലാത്ത മാറ്റങ്ങളും അടിയൊഴുക്കുകളും സംഭവിക്കും. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, എകെ ആന്‍റണി എന്നീ മുതിർന്ന നേതാക്കളെ കേന്ദ്രീകരിച്ച് നിർണ്ണയിക്കപ്പെട്ടിരുന്ന സംസ്ഥാന കോൺഗ്രസിന്‍റെ ഉൾപ്പാർട്ടി ബലാബലങ്ങളിൽ പുതിയൊരു പവർഹൗസ് കൂടി ഇതോടെ ഉദ്ഘാടനം ചെയ്യപ്പെടുകയാണ്.

എഐസിസി ജനറൽ സെക്രട്ടറിമാർക്കിടയിൽ 'സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി' സംഘടനാപരമായി ഏറെ ഉയർന്ന പദവിയാണ്. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയെക്കാൾ മീതെയാണ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി. അങ്ങനെ നോക്കിയാൽ ആന്ധ്രയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായ ഉമ്മൻചാണ്ടിയേക്കാൾ ഒരുപടി മേലെയാകും കോൺഗ്രസിൽ ഇനി കെ സി വേണുഗോപാലിന്‍റെ സ്ഥാനം. കോൺഗ്രസ് കോർ കമ്മിറ്റിയിൽ എ കെ ആന്‍റണിക്ക് പുറമേയുള്ള ഏക മലയാളിയും ഇപ്പോൾ കെ സി വേണുഗോപാൽ ആണ്. എകെ ആന്‍റണി ആരാധ്യനായ മുതിർന്ന നേതാവ് എന്ന പരിവേഷത്തിൽ സർവ്വസമ്മതനായി കൂടുതൽ വലിയ രാഷ്ട്രീയ ലക്ഷ്യങ്ങളിലേക്ക് ഉന്നം വയ്ക്കുമ്പോൾ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല ദ്വന്ദങ്ങൾക്കിടയിലേക്ക്  വർദ്ധിധ ശക്തിയോടെയും സ്വാധീനത്തോടെയും കെസി വേണുഗോപാലിനെ അവതരിപ്പിക്കുകയാണ് രാഹുൽ ഗാന്ധി.

രാഹുൽ ഗാന്ധിയുമായുള്ള അടുത്ത ബന്ധം, ഒന്നാം യുപിഎ സർക്കാരിലും രണ്ടാം യുപിഎ സർക്കാരിലുമുള്ള ഭരണപരിചയം, കർണ്ണാടകത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി മികച്ച പ്രകടനം, ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ഭാഷാ സ്വാധീനം എന്നിങ്ങനെ കെ സി വേണുഗോപാലിനെ ഹൈക്കമാന്‍റിന്‍റെ പ്രിയപ്പെട്ട തെരഞ്ഞെടുപ്പാകുന്നതിന് നിരവധി ഘടകങ്ങളുണ്ട്. സോളാർ വിവാദം ഒഴിച്ച് വൻ വിവാദങ്ങളിലൊന്നും കെ സിയുടെ രാഷ്ട്രീയ ജീവിതം പെട്ടുപോയിട്ടില്ല. സരിതയുടെ വെളിപ്പെടുത്തലുകളിൽ കെസിക്ക് എതിരെ കേസെടുത്ത ഇടതുപക്ഷം സോളാർ അഴിമതി അനുബന്ധ വിവാദങ്ങളും പ്രധാന കുന്തമുനയാക്കിയെങ്കിലും  ലോക്സഭാ തെരഞ്ഞെടുപ്പിൽ അതിനെയെല്ലാം അതിജീവിക്കാനും അദ്ദേഹത്തിനായി. ഇതിനിടെ ഹൈക്കമാന്‍റിന്‍റെ വിശ്വാസം ആർജ്ജിച്ച കെസി സംഘടനാപരമായി ഏറെ ശക്തിയുള്ള ആളായി ക്രമേണ മാറി.

ഐ ഗ്രൂപ്പിലെ തിരുത്തൽവാദി യുവതുർക്കിയായി രാഷ്ട്രീയജീവിതം തുടങ്ങിയ കെ സി വിശാല ഐ ഗ്രൂപ്പിന്‍റെ നേതൃത്വത്തിലേക്ക് പിന്നീട് ഉയർന്നെങ്കിലും ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ കരുത്തനായതോടെ ഗ്രൂപ്പിനതീതമായ പരിവേഷം കാത്തുസൂക്ഷിച്ചിരുന്നു. കെപിസിസി പ്രസിഡന്‍റ് പദത്തിലേക്ക് ഇടയ്ക്കൊരു കൈ നോക്കിയെങ്കിലും പിന്നീട് എഐസിസി നിയോഗിച്ച ദൗത്യത്തിലേക്ക് മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിച്ചു.

സർക്കാരിനെതിരെ പ്രതിപക്ഷത്തെ ഒന്നാകെ അണിനിരത്താൻ രമേശ് ചെന്നിത്തലയ്ക്ക് ആകുന്നില്ലെന്നും ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംസ്ഥാന നേതൃത്വം എടുത്ത നിലപാടുകൾ കോൺഗ്രസ് മൂല്യങ്ങൾക്ക് ചേരുന്നത് ആയിരുന്നില്ല എന്ന വിമർശനം എഐസിസി നേതൃത്വത്തിനുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാന കോൺഗ്രസിന്‍റെ പ്രകടനം കൂടി കണക്കിലെടുത്താകും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കേണ്ടത് ആരാണെന്ന് രാഹുൽ ഗാന്ധി തീരുമാനിക്കുക. 

കെപിസിസിയിലെ രണ്ടാം നിര നേതാക്കൾക്കിടയിലുള്ള തന്‍റെ സ്വാധീനം ഗ്രൂപ്പ് സമവാക്യങ്ങൾക്ക് അതീതമായി ഉയർത്താൻ ഇനി കെ സി വേണുഗോപാലിനാകും. കോൺഗ്രസ് നേതൃനിരയിൽ എൻഎസ്എസിന് ഒരു പക്ഷേ ഏറ്റവും താൽപ്പര്യമുള്ള നേതാവും കെ സി തന്നെ. ദീർഘകാലം ആലപ്പുഴ എംപി ആയിരുന്ന കെ സി വേണുഗോപാൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ചില്ലറ ഉരസലുകൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പ് കാലം മുതൽ അദ്ദേഹവുമായി മെച്ചപ്പെട്ട ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്.

ഒരു കാലത്ത് എകെ ആന്‍റണി സംസ്ഥാന കോൺഗ്രസിൽ നിർണ്ണായക തീരുമാനമെടുക്കാൻ ശേഷിയുള്ള നേതാവായിരുന്നു. നരസിംഹറാവുവിന്‍റെ കാലത്ത് പെട്ടെന്നൊരു ദിവസം വിമാനത്തിൽ തിരുവനന്തപുരത്ത് പറന്നിറങ്ങി, കെ കരുണാകരനിൽ നിന്നും മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ആന്‍റണിയെ രാഷ്ട്രീയ കേരളം കണ്ടിട്ടുണ്ട്. സംസ്ഥാന കോൺഗ്രസിലെ ഒന്നാം നമ്പർ നേതാവ് അല്ലാതായിരുന്നിട്ട് കൂടി അന്ന് എകെ ആന്‍റണിക്ക് മുഖ്യമന്ത്രി ആകാനായത് ഹൈക്കമാന്‍റിന്‍റെ വിശ്വസ്ഥൻ ആയിരുന്നതുകൊണ്ടാണ്. ഒരു കാലത്ത് എഐസിസിയിൽ ആന്‍റണിക്ക് ഉണ്ടായിരുന്ന സ്ഥാനത്തിനും അംഗീകാരത്തിനും തുല്യമായ പദവിയിലേക്കാണ് കെസി വേണുഗോപാൽ ഇപ്പോൾ ഉയർന്നിരിക്കുന്നത്. 

രാഷ്ട്രീയ ജീവിതത്തിൽ ഏറെക്കാലവും ദില്ലി കേന്ദ്രീകരിച്ചാണ് കെ സി വേണുഗോപാൽ പ്രവർത്തിച്ചത്. ദേശീയ രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനാണ് വ്യക്തിപരമായി താൽപ്പര്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടുമുണ്ട്. ഏറെ നിര്‍ണായകമായ ഘട്ടത്തില്‍ പ്രധാനപ്പെട്ട പദവിയിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ നിയമിച്ചതില്‍ ആഹ്ളാദമുണ്ടെന്നും പാർട്ടി നിശ്ചയിക്കുന്ന ഏത് പദവിയും ഏറ്റെടുക്കുമെന്നുമാണ് സ്ഥാനലബ്ധിക്ക് ശേഷം കെസി വേണുഗോപാലിന്‍റെ ആദ്യ പ്രതികരണം.

ചുരുക്കത്തിൽ സംസ്ഥാന കോൺഗ്രസിലെ അധികാര വടംവലിയും ചക്കളത്തിപ്പോരും തുടരുന്നപക്ഷം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കാൻ ഒരുപക്ഷേ ഹൈക്കമാന്‍റ് കെസിയെ നിശ്ചയിക്കാനുള്ള സാധ്യത അതിവിദൂരമല്ല. രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിന് മുഖ്യമന്ത്രി പദവിയെച്ചൊല്ലി തർക്കം ഉണ്ടായപ്പോൾ എഐസിസി ജനറൽ സെക്രട്ടറി ആയ അശോക് ഗെലോട്ടിനെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ ഹൈക്കമാന്‍റ്  നിശ്ചയിച്ചതും ഓർക്കുക. ഭാവിയിൽ മറ്റൊരു സന്ദിഗ്ധ സാഹചര്യത്തിൽ പണ്ട് ആന്‍റണി വന്നതുപോലെ മറ്റൊരു വിമാനം കയറി കെസി മുഖ്യമന്ത്രിപദം ഏറ്റെടുക്കാൻ കേരളത്തിലേക്കെത്തിയാലും അത്ഭുതപ്പെടാനില്ല.