കർണാടകത്തിൽ ഭരണം പിടിക്കാനുള്ള നീക്കങ്ങള്‍ ബിജെപി ശക്തമാക്കിയിരിക്കുകയാണ്. പിന്തുണ പിന്‍വലിച്ച രണ്ട് സ്വതന്ത്ര എംഎല്‍എമാരെ കൂടാതെ കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയോട് അടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു

ബംഗളൂരു: കലങ്ങി മറിഞ്ഞ കര്‍ണാടക രാഷ്ട്രീയത്തില്‍ ഇപ്പോള്‍ നടക്കുന്ന നാടകങ്ങള്‍ അവസാനിപ്പിക്കുമെന്ന് സംസ്ഥാനത്തിന്‍റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ എംപി. കോൺഗ്രസ്‌ എംഎൽഎമാർക്ക് കോടികൾ വാഗ്ദാനം ചെയ്ത് സ്വാധീനിക്കാനുള്ള ശ്രമം ബിജെപി തുടരുകയാണ്.

കോൺഗ്രസ്‌ എംഎൽഎമാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റേണ്ട ആവശ്യം ഇപ്പോഴില്ല, ആരും വിട്ടുപോകില്ല. ഇപ്പോഴത്തെ പ്രശ്നങ്ങൾ സഖ്യത്തെ കൂടുതൽ ശക്തിപ്പെടുത്തും. പിന്തുണ പിൻവലിച്ച സ്വതന്ത്ര എംഎല്‍എമാര്‍ തിരിച്ചുവരുമെന്നും കെ സി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തങ്ങളുടെ എംഎല്‍എമാരുമായി ബന്ധപ്പെടുന്നുണ്ട്. ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ ഈ നാടകങ്ങള്‍ അവസാനിപ്പിക്കുമെന്ന് വേണുഗോപാല്‍ വ്യക്തമാക്കി. കോണ്‍ഗ്രസിനുള്ളില്‍ ഒരുവിധ അഭിപ്രായവ്യത്യാസങ്ങളും ഇല്ല. അങ്ങനെയുള്ള വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമാണ്. എല്ലാവരും ഒത്തൊരുമിച്ചാണ് മുന്നോട്ട് പോകുന്നതെന്നും കേരളത്തില്‍ നിന്നുള്ള നേതാവായ വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

കർണാടകത്തിൽ ഭരണം പിടിക്കാനുള്ള നീക്കങ്ങള്‍ ബിജെപി ശക്തമാക്കിയിരിക്കുകയാണ്. പിന്തുണ പിന്‍വലിച്ച രണ്ട് സ്വതന്ത്ര എംഎല്‍എമാരെ കൂടാതെ കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയോട് അടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

നിലവില്‍ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരാണ് മുംബൈയിലെ ഹോട്ടലില്‍ കഴിയുന്നതെന്നാണ് വിവരം. ഹോട്ടലിലുള്ള എംഎൽഎ മാരുമായി ബിജെപി നേതാക്കൾ വഴി യെദ്യൂരപ്പ ആശയവിനിമയം നടത്തി. എംഎൽഎമാർ പുറത്ത് പോകാതിരിക്കാൻ ശ്രദ്ധ നൽകണം എന്ന് ബിജെപി നേതാക്കൾക്ക് നിർദേശം നല്‍കിയിട്ടുണ്ട്.

ഹോട്ടലിന്റെ ആറാം നിലയിലാണ് എംഎൽഎമാരെ താമസിപ്പിച്ചിരിക്കുന്നത്. ഇവരെ തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടരുന്നുണ്ട്. ആഭ്യന്തര മന്ത്രി എംബി പാട്ടിൽ ഇവരുമായി മുംബൈയിൽ എത്തി കൂടിക്കാഴ്ച നടത്തും. 13 എം എൽ എമാരെയെങ്കിലും രാജിവെപ്പിച്ചാൽ മാത്രമേ ബിജെപിക്ക് സർക്കാരുണ്ടാക്കാൻ വഴിതെളിയൂ. അതേസമയം, സഖ്യ സര്‍ക്കാര്‍ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും ഒന്നും ആശങ്കപ്പെടാനില്ലെന്നും മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പറഞ്ഞു.