ദ ചീഫ് കെസിബിസി എന്ന വിലാസത്തിൽ പാലാരിവട്ടം പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിലേക്കാണ് കത്ത് എത്തിയത്. ചുവന്ന അക്ഷരത്തിൽ ടൈപ്പ് ചെയ്ത കത്താണു ലഭിച്ചിരിക്കുന്നത്
കൊച്ചി: മാവോയിസ്റ്റുകളുടെ പേരിൽ കേരള കത്തോലിക്ക മെത്രാൻ സമിതിക്ക് (കെസിബിസി) ഭീഷണിക്കത്ത്. ദ ചീഫ് കെസിബിസി എന്ന വിലാസത്തിൽ പാലാരിവട്ടം പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിലേക്കാണ് കത്ത് എത്തിയത്. ചുവന്ന അക്ഷരത്തിൽ ടൈപ്പ് ചെയ്ത കത്താണു ലഭിച്ചിരിക്കുന്നത്. കത്തു ലഭിച്ചതിനെത്തുടർന്നു സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലും തുടർന്നു പാലാരിവട്ടം പോലീസിലും പരാതി നൽകി. കത്തും പോലീസിനു കൈമാറി.
ഞങ്ങൾ ഇതുവരെ നിങ്ങൾക്കെതിരേ തിരിഞ്ഞിട്ടില്ല. സമൂഹത്തിലെ നിരാലംബരാണ് ആദിവാസികളും കന്യാസ്ത്രീകളും എന്നു തുടങ്ങുന്നതാണ് കത്ത്. സമരം ചെയ്ത കന്യാസ്ത്രീകളെ അനുകൂലിച്ച് എന്ന മട്ടിലാണു കത്തു ലഭിച്ചിരിക്കുന്നത്. ഞങ്ങൾക്കു മാനന്തവാടിയെന്നല്ല കേരളത്തിലെ ഏതു സ്ഥലവും കൈയെത്തും ദൂരത്താണെന്നു കത്തിൽ പറയുന്നു. നിലന്പൂർ കാടുകളിലെ ചോരയ്ക്കു പകരം അരമനകളിലാകാതിരിക്കാനാണ് ഈ കത്ത് എന്ന ഭീഷണിയോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.
കത്തിനൊടുവിൽ മാവോയിസ്റ്റുകൾ എന്നു ചേർത്തിട്ടുണ്ട്. കത്തിനു പിന്നിൽ ആരാണെന്നു കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലന്പൂരിൽനിന്നാണ് കത്ത് പോസ്റ്റ് ചെയ്തതെന്നാണു കത്തിലെ പോസ്റ്റൽ സീലിൽനിന്നു മനസിലാകുന്നത്.
