തമിഴ്നാട് മോഡൽ മാർക്ക് ഏകീകരണം കേരളത്തിലും ഇനി നടപ്പിൽ വരും.
തിരുവനന്തപുരം: വിദ്യാർത്ഥികള്‍ കാത്തിരിക്കുന്ന കീം പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കും. യോഗ്യതാ പരീക്ഷകളുടെ മാർക്ക് ഏകീകരണത്തിനുള്ള പുതിയ ഫോർമുലക്ക് സർക്കാർ അംഗീകാരം നൽകി. കേരള സിലബസിലെ വിദ്യാർത്ഥികൾക്ക് മാർക്ക് കുറയാത്ത വിധത്തിൽ എൻട്രൻസ് കമ്മീഷണർ തയ്യാറാക്കിയ നിർദ്ദേശമാണ് അംഗീകരിച്ചത്. ഈ ആഴ്ച തന്നെ ഫലം പ്രസിദ്ധീകരിക്കും.
ഒടുവിൽ സർക്കാർ നയപരമായ തീരുമാനമെടുത്തു. കീം ഫലം പ്രസിദ്ധീകരിക്കാനുള്ള അവസരവും ഒരുങ്ങി. മാർക്ക് ഏകീകരണത്തിലെ മാറ്റം സംബന്ധിച്ച് വിദഗ്ധസമിതി നൽകിയ അഞ്ച് ശുപാർശകളുടെ അടിസ്ഥാനത്തിലാണ് എൻട്രൻസ് കമ്മീഷണർ ഫോർമുല തയ്യാറാക്കിയത്. വ്യത്യസ്ത പരീക്ഷാ ബോർഡുകളിലെ ഹയർസെക്കണ്ടറി മാർക്ക് ഏകീകരിക്കുമ്പോൾ കേരള സിലബസിലെ വിദ്യാർത്ഥികൾക്ക് മാർക്ക് കുറയുന്നുവെന്നായിരുന്നു പരാതി.
2011 മുതലുള്ള ഏകീകരണത്തിലാണ് മാറ്റം വരുന്നത്. കേരള പ്ലസ് ടു വിദ്യാർത്ഥികൾക്ക് 20 മുതൽ 30 വരെ മാർക്ക് കുറയുന്നുവെന്ന പരാതിയെ തുടർന്നാണ് മാറ്റം. പുതിയ രീതിയിൽ പ്ലസ് ടുവിന് ലഭിച്ച് മാർക്ക് ഏകീകരണത്തിൽ കുറയില്ല. തമിഴ്നാട് മോഡൽ അനുസരിച്ചാണ് കേരളത്തിലെയും മാറ്റം. വിവിധ പരീക്ഷാ ബോർഡുകളുടെ വ്യത്യസ്തമായ പരമാവധി മാർക്കുൾ നൂറിലേക്ക് മാറ്റുന്ന രീതിയാണ് കൊണ്ടുവരുന്നത്. പ്രോസ്പെക്ടസിൽ ഇതനുസരിച്ച് മാറ്റം വരുത്തും. അപേക്ഷകളിലെ ന്യൂനത തീർക്കാൻ വ്യാഴാഴ്ചവരെ സമയം നീട്ടിയിട്ടുണ്ട്. വ്യാഴാഴ്ചയോ അതോ വെള്ളിയോ കീം ഫലം വരാനാണ് സാധ്യത.

