തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ ഇരുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ കീര്‍ത്തിമുദ്ര പുരസ്കാരത്തിന്‍റെ അവസാനഘട്ട ഫലപ്രഖ്യാപനവും പൂര്‍ത്തിയായി. ആറ് വിഭാഗങ്ങളിലായി മാറ്റുരച്ചത് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ മികവു തെളിയിച്ച യുവ പ്രതിഭകളാണ്. പരിസ്ഥിതി, കൃഷി, സംഗീതം, സാഹിത്യം, രാഷ്ട്രീയം, കായികം തുടങ്ങിയ മേഖലകളില്‍ നിന്നും എസ്എംഎസിലൂടെയും ഓണ്‍ലൈന്‍ വോട്ടിംഗിലൂടെയും പ്രേക്ഷകരാണ് യുവപ്രതിഭകളെ തെരെഞ്ഞെടുത്തത്.

എല്ലാ മേഖലയിലെയും വിദഗ്ദ്ധരടങ്ങുന്ന ജൂറി തെരെഞ്ഞെടുത്ത അഞ്ചുപേരെ വീതം ഓരോ ആഴ്ചയിലും പ്രേക്ഷകര്‍ക്കു മുമ്പില്‍ അവതരിപ്പിച്ചു കൊണ്ടായിരുന്നു വോട്ടിംഗ്. ആദ്യം വോട്ടിംഗ് നടന്നത് പരിസ്ഥിതി വിഭാഗത്തിലായിരുന്നു. ബാന്‍ എന്‍ഡോസള്‍ഫാന്‍, സേവ് മൂന്നാര്‍, സേവ് നെല്ലിയാമ്പതി, സേവ് വെറ്റ്‌ലാന്‍ഡ് തുടങ്ങി സമീപകാലത്തു നടന്ന നിരവധി പരിസ്ഥിതി സമരങ്ങളുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ച അഡ്വ ഹരീഷ് വാസുദേവനായിരുന്നു പരിസ്ഥിതി വിഭാഗം പുരസ്കാരം. ഡോ മുഹമ്മദ് അഷീല്‍, ഗീത, മൈന ഉമൈബാന്‍, കെ എന്‍ ഷിബു തുടങ്ങിയവരായിരുന്നു ജൂറിയുടെ പ്രതിഭ പട്ടികയില്‍ ഇടംനേടിയ മറ്റുള്ളവര്‍. ഇവരില്‍ നിന്നാണ് ഹരീഷിനെ പ്രേക്ഷകര്‍ തെരെഞ്ഞെടുത്തത്.
സിബി കല്ലിങ്കലിനായിരുന്നു കൃഷി വിഭാഗം ജേതാവ്. നിരവധിയിനം തെങ്ങുകളും മാവിനങ്ങളും ഇരുപതോളം ഇനം കുരുമുളകുകളും വാഴ, കാപ്പി, ജാതി, പച്ചക്കറി, പശു, അലങ്കാര മത്സ്യങ്ങള്‍, മത്സ്യക്കൃഷി തുടങ്ങിയവകൊണ്ടു സമൃദ്ധമായ കൃഷിയിടമാണ് സിബിയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ബിനോയ് അട്ടിയില്‍, സൗദ മത്തിപ്പറമ്പ, ശ്യാം കുമാര്‍, രഞ്ജിത്ത് അഷ്ടമിച്ചിറ തുടങ്ങിയവരില്‍ നിന്നാണ് സിബി പുരസ്കാരത്തിന് അര്‍ഹനായത്.
അന്ധതയെ ഈണങ്ങള്‍ കൊണ്ട് തോല്‍പ്പിച്ച യുവഗായിക വൈക്കം വിജയ ലക്ഷ്മിയാണ് സംഗീത വിഭാഗത്തിലെ യുവപ്രതിഭ. ശ്രീകുമാരന്‍ തമ്പി, പ്രൊഫസര്‍ കെ ഓമനക്കുട്ടി, എം ജയചന്ദ്രന്‍ എന്നിവരടങ്ങുന്ന ജൂറി നിര്‍ദ്ധേശിച്ച അഞ്ചുപേരില്‍ നിന്നാണ് വിജയലക്ഷ്മിയെ തെരെഞ്ഞെടുത്തത്. വിജയ് യേശുദാസ്, മഞ്ജരി, മധു ബാലകൃഷ്ണന്‍, ശ്വേത മോഹന്‍ എന്നിവരായിരുന്നു മറ്റ് മത്സരാര്‍ത്ഥികള്‍.
സാഹിത്യത്തില്‍ കെ ആര്‍ മീര, ബെന്യാമിന്‍, ബി മുരളി, പി രാമന്‍ എന്നിവരോട് മത്സരിച്ചാണ് സുഭാഷ് ചന്ദ്രന്‍ ജേതാവായത്. രാഷ്ട്രീയ വിഭാഗത്തില്‍ വി ടി ബെല്‍റാമിനെയാണ് പ്രേക്ഷകര്‍ തെരെഞ്ഞെടുത്തത്. എം ബി രാജേഷ്, കെ എം ഷാജി, എം ലിജു, ശോഭ സുരേന്ദ്രന്‍ തുടങ്ങിയവരും വോട്ടിംഗില്‍ മികച്ചു നിന്നു.
കായിക വിഭാഗത്തിലാണ് ഒടുവില്‍ വോട്ടിംഗ് നടന്നത്. ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പി ആര്‍ ശ്രീജേഷാണ് ജേതാവ്. അഞ്ജു ബോബി ജോര്‍ജ്ജ്, കെ എം ബീനാമോള്‍, കെ സി ലേഖ, എസ് ശ്രീശാന്ത് എന്നിവരോടു പൊരുതിയാണ് ശ്രീജേഷ് യുവപ്രതിഭാപട്ടം സ്വന്തമാക്കിയത്. ഒരു ലക്ഷം രൂപയും ശില്‍പ്പവുമടങ്ങിയ പുരസ്കാരങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഇരുപതാംവാര്‍ഷികാഘോഷ വേദിയില്‍ വച്ചു വിതരണം ചെയ്യും.
