ലഫ്റ്റ്നന്‍റ് ഗവര്‍ണറുടെ വസതിയില്‍ മുഖ്യമന്ത്രിയും മൂന്നു മന്ത്രിമാരും നടത്തുന്ന സമരം ഏഴാം ദിവസത്തിലേയ്‌ക്ക് കടന്നു

ദില്ലി: സംസ്ഥാന സര്‍ക്കാറിന്‍റെ പ്രവര്‍ത്തനം സ്തംഭിപ്പിച്ച് ഐ.എ.എസ് ഉദ്യോസ്ഥര്‍ നടത്തുന്ന നിസഹകരണ സമരത്തിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ആരോപിച്ചു. സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കെജ്‍രിവാള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു . ഐ.എ.എസുകാരുടെ നിസഹകരണ സമരത്തില്‍ പ്രതിഷേധിച്ച് ലഫ്റ്റ്നന്‍റ് ഗവര്‍ണറുടെ വസതിയില്‍ മുഖ്യമന്ത്രിയും മൂന്നു മന്ത്രിമാരും നടത്തുന്ന സമരം ഏഴാം ദിവസത്തിലേയ്‌ക്ക് കടന്നു. ഇന്ന് വൈകുന്നേരം പ്രധാനമന്ത്രിയുടെ ഓഫീസിലേയ്‌ക്ക് ആം ആദ്മി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തും.