Asianet News MalayalamAsianet News Malayalam

ദുരിതാശ്വാസത്തിന് ഹാൾ തരില്ലെന്ന് ബാർ അസോസിയേഷൻ; പൂട്ട് പൊളിക്കാൻ ഉത്തരവിട്ട് കലക്ടർ

പലതവണ ആവശ്യപ്പെട്ടിട്ടും ഹാൾ തുറന്നുകൊടുക്കാൻ ഭാരവാഹികൾ തയ്യാറായിരുന്നില്ല. തുടർന്ന് ജില്ലാ കലക്ടർ ടിവി അനുപമയുടെ ഉത്തരവുപ്രകാരം പൂട്ടു പൊളിച്ചു.

keral flood collector anupama order to broke bar association hall's lock
Author
Thrissur, First Published Aug 19, 2018, 7:47 PM IST

തൃശൂർ: ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൊണ്ടുപോകാൻ കളക്ട്രേറ്റില്‍ എത്തിച്ച സാധനങ്ങൾ ബാർ അസോസിയേഷന്‍ ഹാളില്‍ സൂക്ഷിക്കാൻ വിസമ്മതിച്ച് ഭാരവാഹികൾ. പലതവണ ആവശ്യപ്പെട്ടിട്ടും ഹാൾ തുറന്നുകൊടുക്കാൻ ഭാരവാഹികൾ തയ്യാറായിരുന്നില്ല. തുടർന്ന് ജില്ലാ കലക്ടർ ടിവി അനുപമയുടെ ഉത്തരവുപ്രകാരം പൂട്ടു പൊളിച്ചു.

ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് പ്രകാരം നോട്ടിസ് നൽകിയശേഷമാണു പൂട്ടു പൊളിച്ചത്. അരിയും മറ്റും സൂക്ഷിച്ചശേഷം വേറെ താഴിട്ടുപൂട്ടി. പ്രളയത്തിൽ ദുരന്തമനുഭവിക്കുന്നവർക്കായി നാടൊട്ടാകെ രാപ്പകലില്ലാതെ പ്രവർത്തിക്കുന്നതിനിയിലാണ് അഭിഭാഷകരുടെ സംഘടനയായ ബാർ അസോസിയേഷന്റെ നിഷേധ നിലപാട്. 

ദിവസങ്ങളായി തുടരുന്ന മഴയിൽ ജില്ലയിലെ ആറാട്ടുപുഴ, താഴത്തും മുറി, പനംകുളം, പല്ലിശ്ശേരി, കരുവന്നൂർ, അത്തിക്കാവ്, എട്ടുമുന, രാജ കമ്പനി, തേവർറോഡ്, മുളങ്ങ്, പള്ളം  എന്നിവിടങ്ങളിലെ ആയിരത്തോളം വീടുകൾ വെള്ളത്തിലായിരുന്നു.

വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാംപുകളിലേക്ക് പലയിടത്തു നിന്നും സഹായങ്ങള്‍ എത്തുന്നുണ്ട്. ഭക്ഷണമടക്കമുള്ളവ പല ദിക്കുകളില്‍ നിന്നും എത്തുന്നുണ്ട്. വീടുകള്‍ നഷ്ടപ്പെട്ടവര്‍ കൂടുതല്‍ കാലം ക്യാംപുകളില്‍ കഴിയേണ്ടി വരുമെന്നതിനാല്‍ ഭക്ഷണമടക്കമുള്ള അവശ്യവസ്തുക്കള്‍ സൂക്ഷിക്കാനാണ് ബാര്‍ അസോസിയേഷന്‍റെ ഹാള്‍ ആവശ്യപ്പെട്ടിരുന്നത്.

സിവില്‍ സ്റ്റേഷനിലെ തൃശൂര്‍ ബാര്‍ അസ്സോസിയേഷന്‍ ഉപയോഗിക്കുന്ന 35, 36 നമ്പര്‍ മുറികളാണ് കളക്ടര്‍ ഒഴിപ്പിച്ചെടുത്തത്. കളക്ടറുടെ നടപടിയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios