കേരള കോണ്‍ഗ്രസുമായി സഹകരിച്ചാണ്  ചെങ്ങന്നൂരിലെ തദ്ദേശ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസ് ഭരിക്കുന്നതെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ സഹകരണം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി

കോട്ടയം: ചെങ്ങന്നൂരില്‍ മനഃസാക്ഷി വോട്ടിന് ആഹ്വാനം ചെയ്യുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ കേരളാകോണ്‍ഗ്രസ് നേതൃയോഗം ഞായറാഴ്ച കോട്ടയത്ത് നടക്കും. തല്‍ക്കാലം ഒരു മുന്നണിയേയും പിന്തുണക്കേണ്ടതില്ലെന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ്. എന്നാല്‍ കേരള കോണ്‍ഗ്രസുമായി സഹകരിച്ചാണ് ചെങ്ങന്നൂരിലെ തദ്ദേശ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസ് ഭരിക്കുന്നതെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ സഹകരണം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വക്കറ്റ് ഡി. വിജയകുമാര്‍ പറഞ്ഞു.

ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണ്ണയിക്കാന്‍ കഴിയുന്ന സ്വാധീനമൊന്നും കേരള കോണ്‍ഗ്രസിനില്ല. പക്ഷേ തദ്ദേശ സ്ഥാപനങ്ങളില്‍ പ്രാതിനിധ്യമുണ്ട്. ഇവിടെല്ലാം യു.ഡി.എഫിനൊപ്പവുമാണ്. മണ്ഡലത്തിലെ തിരുവന്‍ വണ്ടൂര്‍ പഞ്ചായത്തില്‍ യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്‍റെയും പിന്തുണയോടെ കേരള കോണ്‍ഗ്രസ് അംഗമാണ് ഇപ്പോള്‍ പ്രസിഡന്റ്. സി.പി.ഐയുടെ എതിര്‍പ്പു മൂലം ഇടത് മുന്നണി പ്രവേശനം പ്രതിസന്ധിയിലായതോടെ കേരള കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം രൂക്ഷമാണ്. കെ.എം മാണിയെ അനുനയിപ്പിക്കാന്‍ യു.ഡി.എഫും രംഗത്തുണ്ട്. ഈ സാഹചര്യത്തില്‍ ചെങ്ങന്നൂരില്‍ തത്കാലം ആരേയും പിന്തുണക്കേണ്ടതില്ലെന്ന നിലപാടിനാണ് മുന്‍ തൂക്കം. എന്നാന്‍ കേരള കോണ്‍ഗ്രസിന്റെ പിന്തുണ ഉറപ്പാണെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി.