Asianet News MalayalamAsianet News Malayalam

വയൽനികത്തൽ; 93,000 അപേക്ഷകൾ പരിഗണിക്കില്ലെന്ന് മന്ത്രി

Kerala Conservation of Paddy Land and Wetland Act
Author
Thiruvananthapuram, First Published Nov 2, 2016, 2:20 PM IST

തിരുവനന്തപുരം: വയൽ നികത്തൽ സാധൂകരണത്തിനായി ഇതിനകം ലഭിച്ച 93000 അപേക്ഷകൾ പരിഗണിക്കില്ലെന്ന് റവന്യുമന്ത്രി. നികത്തൽ സാധൂകരണം പിൻവലിക്കൽ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. കരടിൽ മുഴുവൻ അപാകതകളാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോൾ സബ്ജകട് കമ്മിറ്റി വിശദമായി ചർച്ച ചെയ്യാമെന്ന് സ്പീക്കർ ഉറപ്പ് നൽകി. അപേക്ഷിച്ച മുഴുവൻ പേർക്കും ഇളവ് കിട്ടുമെന്ന വിവരം പുറത്തുകൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസായിരുന്നു.

വയൽ നികത്തൽ സാധൂകരണത്തിനായി  നെൽവയൽ തണ്ണീർത്തട നിയമത്തിൽ യുഡിഎഫ് സർക്കാർകൊണ്ടുവന്ന 3എ ഭേദഗതിയാണ് പിൻവലിക്കുന്നത്. 3എ പിൻവലിക്കുമ്പോഴും നിലവിൽ അപേക്ഷിച്ച 93000 പേർക്കും ഇളവ് കിട്ടുമെന്ന വിവരം പുറത്ത് കൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസായിരുന്നു. ഈ വാദം തന്നെയാണ് പ്രതിപക്ഷം സഭയിൽ ഉന്നയിച്ചത്.

അപേക്ഷിച്ചവരിൽ അർഹരായെന്ന് കണ്ടെത്തിയ 56 പേർക്ക് മാത്രമാണ് ഇളവെന്ന് റവന്യുമന്ത്രി വ്യക്തമാക്കി. 3 എ റദ്ദാക്കപ്പെടുമ്പോൾ 93000 അപേക്ഷകളും അസാധുവാകുമെന്നും ഇ ചന്ദ്രശേഖരൻ വിശദീകരിച്ചു. ദേദഗതിയെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് ബിൽ സബ്ജക്ട് കമ്മിറ്റി വിശദമായി പരിശോധിക്കാമെന്ന് സ്പീക്കർ ഉറപ്പ് നൽകിയത്. പ്രതിപക്ഷം ചില ആശങ്കകൾ ഉന്നയിച്ചെങ്കിലും കിഫ്ബി ഭേദഗതി ബിൽ സഭ പാസ്സാക്കി. അഞ്ച് വർഷം കൊണ്ട് കേരളത്തെ മിച്ച സംസ്ഥാനമാക്കി മാറ്റുമെന്നാണ് ധനമന്ത്രി നൽകുന്ന ഉറപ്പ്.

Follow Us:
Download App:
  • android
  • ios