വൈദ്യുതി ഉല്‍പാദനരംഗത്ത് സമഗ്രമാറ്റത്തിന് സർക്കാർ; ചെറുകിട പദ്ധതികള്‍ക്ക് പ്രാധാന്യം
തിരുവനന്തപുരം: സംസ്ഥാനത്ത് ചെറുകിട വൈദ്യുതപദ്ദതികള്ക്ക് പ്രാധാന്യം നല്കുമെന്ന് മന്ത്രി എം.എം. മണി. പൊതുജനങ്ങളുടെ സഹകരണത്തോടെ കാറ്റില്നിന്നും സൗരോർജത്തില്നിന്നുമുള്ള വൈദ്യുതി ഉല്പാദനമാണ് ഇനി വൈദ്യുതവകുപ്പിന്റെ പ്രധാന ലക്ഷ്യമെന്നും മന്ത്രി ഇടുക്കിയില് പറഞ്ഞു.
എതിർപ്പുകളെ തുടർന്ന് ആതിരപ്പള്ളി പോലുള്ള വന്കിട ജലവൈദ്യുത പദ്ധതികള് തടസപ്പെടുമ്പോൾ ചെറുകിട വൈദ്യുത പദ്ധതികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സംസ്ഥാന സർക്കാർ. ഇതിനായി സര്ക്കാര്, സ്വകാര്യ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്, വിദ്യാഭ്യാസ സ്ഥാപനങ്ങള്, തരിശായി കിടക്കുന്ന നിലങ്ങള് തുടങ്ങിയവ പ്രയോജനപ്പെടുത്തും.
സ്വകാര്യ വ്യക്തികളുടെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളും പണം അങ്ങോട്ട് നല്കി പദ്ധതികൾക്കായി ഉപയോഗപ്പെടുത്തും ഇങ്ങനെ 1000 മെഗവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനാണ് ലക്ഷ്യം. ഇടുക്കിയില് അനർട്ടിന്റെ നേതൃത്ത്വത്തില് നടപ്പാക്കുന്ന അക്ഷയ ഊർജ പാർക്കിന്റെ നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
രാമക്കല്മേട്ടില് സോളാറില്നിന്നും കാറ്റില്നിന്നും വൈദ്യുതി ഉല്പാദിപ്പിച്ച് സംഭരിച്ച് വിതരണം ചെയ്യുന്ന പദ്ധതിയാണ് അക്ഷയ ഊർജ പാർക്ക്. സോളാർ - കാറ്റാടിയന്ത്രങ്ങള്വഴി രണ്ട് മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിച്ച് ബാറ്ററികളിൽ സംഭരിച്ച് തടസമില്ലാതെയുള്ള വൈദ്യുതി വിതരണമാണ് പദ്ധതിയുടെ ലക്ഷ്യം.
15 കോടിയാണ് ചെലവ്. ഇന്ത്യയില് ആദ്യമായാണ് സർക്കാരിന്റെ ഒരു നോഡല് ഏജന്സി ഇത്തരത്തില് ഒരു പദ്ധതിയുടെ നിർമാണം ഏറ്റെടുത്ത് ആരംഭിക്കുന്നത്. അടുത്ത സാന്പത്തിക വർഷത്തിൽ പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യം.
