തിരുവനന്തപുരം: സംസ്ഥാനത്ത് എഞ്ചിനീയറിംഗ് പഠനനിലവാരം താഴോട്ട്. സാങ്കേതിക സർവ്വകലാശാലക്ക് കീഴിലെ കോളേജുകളിലെ രണ്ടാം സെമസ്റ്റർ ഫലം വന്നപ്പോൾ പത്ത് കോളേജുകളിൽ പത്ത് ശതമാനം പോലുമില്ല വിജയം. 250 വിദ്യാർത്ഥികൾ പരീക്ഷഎഴുതിയ ഒരു കോളേജിൽ വിജയിച്ചത് വെറും 5 പേർമാത്രം.

പ്രവേശനപരീക്ഷ പോലും വേണ്ടെന്നാവശ്യപ്പെട്ടായിരുന്നു സ്വാശ്രയ എഞ്ചിനീയറിംഗ് മാനേജ്മെന്‍റുകളുടെ മുറവിളി. സീറ്റ് നിറക്കാൻ മെറിറ്റിൽ വെള്ളം ചേർക്കാൻ ശ്രമിക്കുന്ന മാനേജ്മെന്റുകൾക്കുള്ള മുന്നറിയിപ്പ് കൂടിയാണ് രണ്ടാം സെമസ്റ്റർ ഫലം. 

സാങ്കേതിക സർവ്വകലാശാലക്ക് കീഴിലെ 152 എഞ്ചിനീയറിംഗ് കോളേജുകളിലെ ഫലമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. പത്ത് സ്വാശ്രയ കോളേജുകളിൽ പത്ത് ശതമാനം പോലുമില്ല ജയം. ഒന്നാം സെമസ്റ്ററിലും ഈ പത്ത് കോളേജിലെ വിജയം പത്തിൽ താഴെ. കാസർക്കോട് സെന്റ്  ഗ്രിഗോറിയോസിൽ 2 പേരും കൊല്ലം പിനക്കിൾ എഞ്ചിനീയറിംഗ് കോളേജിൽ 4 ഉം നൂറനാട് അർച്ചന കോളേജിൽ 6 ഉം വിദ്യാർത്ഥികൾ മാത്രമാണ് ജയിച്ചത്. 

ഏറ്റവും ഉയർന്ന വിജയം നേടിയ ആദ്യ  പത്ത് കോളേജിൽ 7 എണ്ണം സർക്കാർ കോളേജുകളാണ്. പത്ത് ശമാനം പോലും വിജയം നേടാത്ത പത്തിൽ നാലു സ്വാശ്രയ കോളേജുകളിലെ ഈ വർഷത്തെ പ്രവേശനം സാങ്കേതിക സർവ്വകലാശാല തടഞ്ഞിരുന്നു. 

പഠന നിലവാരം കുറഞ്ഞ കോളേജുകളിൽ യോഗ്യതയുള്ള അധ്യാപകരും അടിസ്ഥാന സൗകര്യങ്ങളുമില്ലെന്നും സാങ്കേതിക സർവ്വകലാശാല കണ്ടെത്തിയിരുന്നു. കച്ചവടം മാത്രം ലക്ഷ്യമിട്ട് ആവശ്യത്തിലേറെ കോളേജുകൾ തുടങ്ങിയതാണ് നിലവാരത്തകർച്ചയുടെ കാരണമായി സാങ്കേതിക സർവ്വകലാശാല അടിവരയിടുന്നത്.