രക്ഷാപ്രവര്‍ത്തനത്തിനിടെ 10 പേരുമായി കാണാതായ ബോട്ട് കണ്ടെത്തി. എട്ട് മത്സ്യത്തൊഴിലാളികളും രണ്ട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുമാണ് ബോട്ടിലുണ്ടായിരുന്നത്.  

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ 10 പേരുമായി കാണാതായ ബോട്ട് എടത്വാ ഭാഗത്തുനിന്ന് കണ്ടെത്തി. എന്നാല്‍ ഇതിലെ ആളുകളെക്കുറിച്ച് പ്രാഥമിക വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ. എട്ട് മത്സ്യത്തൊഴിലാളികളും രണ്ട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുമാണ് ബോട്ടിലുണ്ടായിരുന്നത്.

എടത്വായ്ക്കടുത്ത് വീയപുരത്ത് നിന്ന് വൈകുന്നേരം അഞ്ചോടെയാണ് തിരുവല്ല നിരണത്തേക്ക് ബോട്ട് പോയത്. ആറാട്ടുപ്പുഴ തീരത്ത് നിന്നെത്തിയ മിന്നല്‍ക്കൊടി എന്ന ബോട്ടാണിത്. 

നിരണം ഭാഗത്ത് രണ്ട് നില കെട്ടിടത്തിന് മുകളില്‍ ഒരു ഗര്‍ഭിണി, കുഞ്ഞ്, അമ്മ എന്നിങ്ങനെ മൂന്ന് പേര്‍ ഒറ്റപ്പെട്ടുവെന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇവര്‍ വീയപുരത്ത് നിന്ന് പുറപ്പെട്ടത്. ഇന്നലെ രാത്രി 12മണിവരെ തെരച്ചില്‍ നടത്തിയെങ്കിലും ബോട്ട് കണ്ടെത്താനായിരുന്നില്ല. എന്നാല്‍ രാവിലെ മത്സ്യത്തൊഴിലാളികള്‍ നടത്തിയ തെരച്ചിലിലാണ് ബോട്ട് കണ്ടെത്തിയത്.