തിരുവനന്തപുരം: പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന മരങ്ങള്‍ വെട്ടിമാറ്റാന്‍ സര്‍ക്കാര്‍ തീരുമാനം. കടുത്ത ജലചൂഷണം അടക്കം നിരവധി പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാകുന്ന അക്കേഷ്യ, മാഞ്ചിയം എന്നിവയാണ് വെട്ടിമാറ്റുക. പരിസ്ഥിതി ദിനത്തില്‍ 1 കോടി മരങ്ങള്‍ നടാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. അക്കേഷ്യ മാഞ്ചിയം മരങ്ങളുണ്ടാക്കുന്ന പരിസ്ഥിതി പ്രത്യാഘ്യാതങ്ങളെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു
തിരുവനന്തപുരം പാലോട് പ്ലാന്‍റേഷനില്‍ അടക്കം സംസ്ഥാനത്ത് പലയിടങ്ങളിലും അക്കേഷ്യ മാഞ്ചിയം പ്ലാന്‍റേഷനുകള്‍ക്ക് എതിരെ ജനകീയ പ്രക്ഷേഭങ്ങള്‍ ഉയര്‍ന്നിരുന്നു.വലിയ തോതില്‍ ജലം വലിച്ചെടുക്കുകയും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് വഴിവയ്ക്കുന്ന അക്കേഷ്യ, മാഞ്ചിയം, ഗ്രാന്‍റീസ് എന്നീ മരങ്ങളുടെ റിപ്ലാന്റേഷന്‍ നിരോധിക്കണം എന്നാവശ്യപ്പെട്ടുള്ള പരാതികള്‍ കണക്കിലെടുത്താണ് പുതിയ തീരുമാനം.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വനം മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും നടത്തിയ ഉന്നതതല യോഗത്തിലാണ് തീരുമാനം.
ജലം ഊറ്റിയെടുക്കുന്ന അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാന്‍ഡിസ് മുതലായ മരങ്ങള്‍ പാടില്ലെന്നും തീരുമാനിച്ചു. സംസ്ഥാനത്ത് സര്‍ക്കാര്‍ ഭൂമിയിലുള്ള ഇത്തരം മരങ്ങള്‍ വെട്ടിക്കളഞ്ഞ് പകരം നല്ല മരങ്ങള്‍ വെച്ചുപിടിപ്പിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന മരങ്ങള്‍ വെട്ടിമാറ്റുന്ന പരിപാടിക്കും ജൂണ്‍ 5ന് തുടക്കം കുറിക്കും. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് അടുത്ത മാസം ഒരു കോടി വൃക്ഷത്തെ നടും.
വനം വകുപ്പും കൃഷി വകുപ്പും ചേര്‍ന്നാണ് വൃക്ഷത്തൈകള്‍ ഒരുക്കുന്നത്. വിദ്യാഭ്യാസ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും ചേര്‍ന്ന് വിദ്യാലയങ്ങള്‍ വഴിയും പഞ്ചായത്ത്, കുടുംബശ്രീ, സന്നദ്ധസംഘടനകള്‍ എന്നിവ വഴിയും വൃക്ഷത്തൈകള്‍ വിതരണം ചെയ്യും. പരിസ്ഥിതി വകുപ്പിന്‍റെ കൂടി പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് വേണ്ടി 72 ലക്ഷം വൃക്ഷത്തൈകള്‍ വനംവകുപ്പ് തയാറാക്കിക്കഴിഞ്ഞു. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വൃക്ഷത്തൈ നല്‍കുന്ന പരിപാടി 'മരക്കൊയ്ത്ത്' എന്ന പേരിലാണ് നടപ്പാക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. വൃക്ഷത്തൈകള്‍ സൗജന്യമായാണ് വിതരണം ചെയ്യുന്നത്.
