Asianet News MalayalamAsianet News Malayalam

തെരുവ് നായ ശല്യം ഇല്ലാതാക്കാന്‍ സുപ്രീം കോടതി നല്‍കിയ നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചു

kerala government ignores supreme court directions to prevent stray dog attacks
Author
First Published Aug 20, 2016, 7:45 AM IST

അപകടകാരികളായ തെരുവ്നായ്‌ക്കളെ കൊല്ലാനും മറ്റുള്ളവയെ വന്ധ്യംകരണത്തിന് വിധേയമാക്കാനും നേരത്തെ സുപ്രീംകോടതി, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിനെതിരെ മൃഗസ്നേഹികള്‍ ഉയര്‍ത്തിയ വാദങ്ങള്‍ തള്ളി, ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ട് എന്ന പരാമര്‍ശമാണ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ കോടതി നടത്തിയത്. തെരുവ്നായ് ശല്ല്യം എങ്ങനെ പരിഹരിക്കാം, ആക്രമണത്തിന് ഇരയായവര്‍ക്ക് വൈദ്യസഹായം, നഷ്‌ടപരിഹാരം തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച ജസ്റ്റിസ് സിരിജഗന്‍ സമിതിയുടെ ശുപാര്‍ശകള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് മറുപടി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു പിന്തുണയും ലഭിക്കുന്നില്ലെന്ന് ജസ്റ്റിസ് സിരിജന്‍ സമിതി കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതിയെ അറിയിച്ചിരുന്നു. 

സിരിജഗന്‍ സമിതിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്തം കേരള സര്‍ക്കാരിനായിരിക്കുമെന്ന് ഇതേ തുടര്‍ന്ന് സുപ്രീം കോടതി ഉത്തരവിട്ടു. തെരുവ്നായ്‌ക്കളെ എങ്ങനെ നേരിടാം എന്ന കാര്യത്തില്‍ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകളുടെ തലയില്‍മാത്രം കെട്ടിവെയ്‌ക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ എടുത്തത്. തെരുവ് നായ ശല്യം സംബന്ധിച്ച കേരളത്തില്‍ നിന്നുള്ള കേസുകള്‍ സെപ്റ്റംബര്‍ 20ന് പ്രത്യേകം കേള്‍ക്കാനാണ് സുപ്രീംകോടതി തീരുമാനിച്ചിരിക്കുന്നത്. അതേസമയം തിരുവനന്തപുരത്ത് ഇന്നലെ നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേസ് നേരത്തെ പരിഗണിച്ച് അടിയന്തിര നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന ആവശ്യം കോടതിയില്‍ ഉന്നയിക്കാന്‍ ഹര്‍ജിക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios