സ്വന്തമായി കെട്ടിടം ഉണ്ടായിട്ടും സര്‍ക്കാര്‍ വാടക നല്‍കുന്നത് കോടികള്‍ ഏഷ്യാനെറ്റ് ന്യൂസ് പരമ്പര തുടരുന്നു, മുണ്ട് മുറുക്കേണ്ടതാര്?
തിരുവനന്തപുരം: സര്ക്കാര് ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും വാടകയ്ക്ക് മാസം തോറും ചെലവാക്കുന്നത് കോടികള്. സ്വന്തമായി കെട്ടിടം ഉണ്ടായിട്ടും പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിൽ. കോടികള് ചെലവിട്ട് സര്ക്കാരും സര്ക്കാര് സ്ഥാപനങ്ങളും നിര്മിച്ച കെട്ടിടങ്ങള് ഒഴിഞ്ഞു കിടക്കുമ്പോഴാണ് ഖജനാവ് കാലിയാക്കുന്ന ഈ പാഴ് ചെലവ്.
80 കോടി രൂപ ചെലവില് നിര്മ്മിച്ച തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി. ഷോപ്പിങ് കോംപ്ലക്സ് ഇന്ന് ഭാര്ഗവി നിലയത്തിന് സമാനമാണ്. പ്രതിമാസ നഷ്ടം 10.15 ലക്ഷം രൂപയും. കെ.എസ്.ആര്.ടി.സിക്ക് ടിക്കറ്റിതര വരുമാനമുണ്ടാക്കാൻ കെ.ടി.ഡി.എഫ്.സി കെട്ടിപ്പൊക്കിയ സ്ഥലം. മാസം രണ്ടു കോടി വരുമാനമുണ്ടാകുമെന്നായിരുന്നു കണക്കു കൂട്ടൽ. പക്ഷേ ഭൂരിഭാഗം സ്ഥലവും വര്ഷങ്ങളായി ഒഴിഞ്ഞു കിടക്കുന്നു. ഇതിൽ നിന്ന് കെ.എസ്.ആര്.ടി.സിക്ക് നയാ പൈസ വരുമാനമില്ല . കടം പെരുകുന്ന കെ.എസ്.ആര്.ടി.സിയെ താങ്ങി നിര്ത്തുന്നത് മാസം തോറുമുള്ള കോടിയുടെ സര്ക്കാര് സഹായം .
തമ്പാനൂരിലെ വാണിജ്യ സമുച്ചയം ഒഴിഞ്ഞു കിടക്കുമ്പോള് തലസ്ഥാനത്തെ ക്രൈം ബ്രാഞ്ചിന്റെയും വിജിലന്സിന്റെയും ഒാഫീസുകള് വാടക കെട്ടിടങ്ങളിലാണ് പ്രവര്ത്തിക്കുന്നത്. സര്ക്കാര് മാസം മാസം സഹായിക്കുന്ന കെഎസ്ആര്ടിസിക്ക് കൂടി അവകാശപ്പെട്ട കെട്ടിടം ഒഴിഞ്ഞു കിടക്കുമ്പോഴാണ് ഈ ഒാഫീസുകള് സ്വകാര്യ കെട്ടിടത്തിൽ പ്രവര്ത്തിച്ച് ഖജനാവ് ചോര്ത്തുന്നത് .
എറണാകുളം ജില്ലയിലെ നിർഭയ കേന്ദ്രത്തിന്റെ അവസ്ഥയും ഇതിനു സമാനമാണ്. പീഡനങ്ങൾക്കിരയാകുന്ന പെൺകുട്ടികൾക്കായി ചെലവഴിക്കേണ്ട പണം പാഴായി പോകുകയാണ്. പെൺകുട്ടികൾക്ക് സുരക്ഷിതമായി താമസിക്കാനും തൊഴിൽ പരീശീലനം നടത്താനും സൗകര്യമൊരുക്കി സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം രണ്ട് വർഷം മുമ്പ് ജില്ലാപഞ്ചായത്ത് നിർഭയഹോമിനായി മൂന്ന് കെട്ടിടങ്ങള് പണികഴിപ്പിച്ചിരുന്നു.
എന്നാല്, ഉദ്ഘാടന മാമാങ്കം കഴിഞ്ഞെങ്കിലും വാടകക്കെട്ടിടത്തിലുള്ള സ്ഥാപനം ഇങ്ങോട്ട് മാറ്റാനുള്ള നടപടികളുണ്ടായില്ല. നിര്ഭയ ഹോമിനായി പണിത ഒരു കെട്ടിടം ഒഴിഞ്ഞു കിടക്കുമ്പോള് ഇതേ ആവശ്യത്തിന് കാക്കനാട്ട് മറ്റൊരു കെട്ടിടം സാമൂഹ്യ നീതി വകുപ്പ് പണിയുകയാണ്. ഉത്തരവാദപ്പെട്ടവർ എന്തൊക്കെ പരസ്പരം പഴിചാരുമ്പോള് പാഴാക്കുന്നത് കോടികളാണ്.

