കാർഷിക മേഖലയുടെ സമഗ്ര മുന്നേറ്റമാണ് കേരള കർഷകക്ഷേമബോർഡിലൂടെ ലക്ഷ്യമിടുന്നതെന്ന് കൃഷിമന്ത്രി വി എസ് സുനിൽകുമാർ 

കൂത്താട്ടുകുളം: കാർഷിക മേഖലയിൽ മികച്ച ഉത്പാദനം ഉറപ്പുവരുത്തുന്നതിനും കർഷകരുടെ ക്ഷേമത്തിനുമായി കേരള കർഷകക്ഷേമബോർഡിന് ഉടൻ രൂപം നൽകുമെന്ന് കൃഷിമന്ത്രി വി എസ് സുനിൽകുമാർ. കർഷകരുടേയും കാർഷിക വിളകളുടേയും സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് കേരള കർഷകക്ഷേമബോർഡിന്റെ ലക്ഷ്യം.

 ബോർഡ് രൂപീകരിക്കാനുള്ള നിയമനിർമാണം അവസാനഘട്ടത്തിലാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കാർഷികോത്പ്പന്നങ്ങൾ ഇടനിലക്കാരെ ഒഴിവാക്കി നേരിട്ടെത്തിക്കുന്നതിനുള്ള പദ്ധതിക്കും രൂപം കൊടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൂത്താട്ടുകുളത്ത് കാർഷിക മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കൂത്താട്ടുകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള നഗരസഭ മൈതാനിയിലാണ് കാർഷിക പ്രദർശനം നടക്കുന്നത്. എട്ട് ദിവസങ്ങളായി നടക്കുന്ന മേളയിൽ കാർഷികവിളകളുടെ പ്രദർശനം, കാർഷിക -ഗൃഹോപകരണങ്ങളുടെ പ്രദർശനം, വിവിധ കലാപരിപാടികള്‍ എന്നിവയുമുണ്ട്