തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2014ല്‍ തയ്യാറാക്കിയ കേരള മാരിടൈം ബോര്‍ഡ് ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ബില്‍ മടക്കി. ചെറുകിട തുറമുഖങ്ങളെ നിയന്ത്രിക്കാനുദ്ദേശിച്ചാണ് മാരിടൈം ബോര്‍ഡ് രൂപീകരിക്കാന്‍ യുഡിഎഫ് തീരുമാനിച്ചത്. തുറമുഖ വകുപ്പ്, മാരിടൈം സൊസൈറ്റി, മാരിടൈം വികസന കോര്‍പറേഷന്‍ എന്നിവ സംയോജിപ്പിച്ചുകൊണ്ട് ബോര്‍ഡ് രൂപീകരിക്കാനാണ് ബില്‍ വ്യവസ്ഥ ചെയ്തിരുന്നത്.

ഭരണഘടനയുടെ 201 അനുഛേദം അനുസരിച്ചാണ് ഗവര്‍ണര്‍ ബില്‍ മടക്കിയത്. അതേസമയം രാഷ്ട്രപതി പുനപരിശോധിക്കാന്‍ ആവശ്യപ്പെടുകയും ഗവര്‍ണര്‍ ബില്‍ പിന്‍വലിക്കാനാവശ്യപ്പെടുകയും ചെയ്തത് ആശയകുഴപ്പം ഉണ്ടാക്കുകയാണെന്ന് പ്രതിപക്ഷം പറഞ്ഞു. ഗവര്‍ണറുടെ തീരുമാനത്തെക്കുറിച്ച് നിയമസഭയില്‍ ചര്‍ച്ച അനുവദിക്കാനാകില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. 

തീരസംരക്ഷണം,തുറമുഖം എന്നിവ കേന്ദ്ര വിഷയങ്ങളാണ്. 2014ല്‍ നിയമസഭ പാസാക്കിയ ബില്‍ കേന്ദ്രനിയമത്തിലെ വകുപ്പുകളുമായി പരസ്പരവിരുദ്ധവും ആവര്‍ത്തനവുമാണെന്നും വിലയിരുത്തിയാണ് ബില്ലിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചത്.