കേരളത്തിന് തിരിച്ചടി; കാവേരിയിൽ നിന്നുള്ള വെള്ളം തിരിച്ചുവിടാനാവില്ല
തിരുവനന്തപുരം: കാവേരിയിൽ നിന്ന് കിട്ടുന്ന വെള്ളം മറ്റൊരു നദീതടത്തിലേയ്ക്ക് തിരിച്ചുവിടാൻ അനുവദിക്കണമെന്ന കേരളത്തിന്‍റെ ആവശ്യം കാവേരി മാനേജ്മെന്‍റ് അതോററ്റി അംഗീകരിച്ചില്ല. സുപ്രീംകോടതി അനുവദിക്കാത്ത വിഷയമായതിനാൽ പരിഗണിക്കാനാകില്ലെന്നാണ് അതോറിറ്റിയുടെ നിലപാട്. കാവേരി വിഹിതം കോഴിക്കോട്ടെ ജപ്പാന്‍ കുടിവെള്ള പദ്ധതിക്കും വൈദ്യുതവകുപ്പിന്‍റെ കുറ്റ്യാടി ഓഗ്മെന്‍റേഷൻ പദ്ധതിക്കും ഉപയോഗിക്കാമെന്ന കേരളത്തിന്‍റെ കണക്കുകൂട്ടൽ അനിശ്ചിതത്വത്തിലായി.
മറ്റൊരു നദീ തടത്തിലേയ്ക്ക് തിരിച്ചു വിടാൻ സുപ്രീംകോടതി അനുമതിയില്ലെന്നാണ് കാവേരി മാനേജ്മെന്‍റ് അതോറിറ്റി വ്യക്തമാക്കിയത്. ഇക്കാര്യം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരളം കോടതിയെ സമീപിച്ചിട്ടുണ്ട്. കേരളത്തിന് അനുവദിച്ച 30 ടിഎംസി വെള്ളം പൂര്‍ണമായും ഉപയോഗിക്കാം. എന്നാൽ പൂര്‍ണമായും ഉപയോഗിക്കാൻ പോന്ന പദ്ധതികള്‍ ഇല്ല. പദ്ധതികള്‍ക്കെതിരെ തമിഴ്നാട് രംഗത്തു വരുന്നതും പ്രശ്നമായി.
കേരളം ഉപയോഗിക്കാത്ത വെള്ളം വിട്ടു തരണമെന്ന് തമിഴ്നാട് മാനേജ്മെന്‍റ് അതോറ്റി യോഗത്തിൽ കേരളത്തോട് ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിക്കണമെങ്കിൽ പദ്ധതികളെ എതിര്‍ക്കുന്നത് അവസാനിപ്പിക്കണമെന്ന് സംസ്ഥാനം മറുപടി നല്‍കി. ഈ മാസം 31.24 ടിഎംസി വെള്ളം കര്‍ണാടകം തമിഴ്നാടിന് നല്‍കണമെന്ന് അതോററ്റി നിര്‍ദേശിച്ചു. ആദ്യ യോഗത്തിൽ പ്രതിനിധികള്‍ പങ്കെടുത്തെങ്കിലും അതോററ്റി രൂപീകരണത്തിനെതിരെ സൂപ്രീം കോടതിയെ സമീപിക്കാനാണ് കര്‍ണാടകയുടെ തീരുമാനം.
