ദില്ലി: മുഖ്യമന്ത്രി ഞായറാഴ്ച ദില്ലിയില്‍ വിളിച്ച കേരളത്തിലെ എംപിമാരുടെ യോഗം വഴിപാടാകുന്നു. പാര്‍ലമെന്റ് സമ്മേളനത്തിന്റെ തലേദിവസം യോഗം വിളിച്ചിട്ട് കാര്യമില്ലെന്നാണ് പല എംപിമാരുടെയും വിമ‌‌ര്‍ശനം. തിങ്കളാഴ്ച തുടങ്ങുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തിന് മുന്നോടിയായാണ് സംസ്ഥാനസര്‍ക്കാര്‍ എം പിമാരുടെ യോഗം വിളിച്ചത്. ഞായറാഴ്ച ദില്ലി കേരളഹൗസിലാണ് യോഗം.

യോഗത്തിന്റെ തീയതി സംബന്ധിച്ച് സവ്വത്രആശയക്കുഴപ്പമായിരുന്നു ആദ്യം ജൂണ്‍ 16ന് യോഗം ചേരാനാണ് നിശ്ചയിച്ചത്. പിന്നീടത് ജൂലൈ ആറാം തീയതിലേക്ക് പുതുക്കി നിശ്ചയിച്ചു. എന്നാല്‍ അന്ന് രാഹാല്‍ഗാന്ധി കേരളത്തിലെ നേതാക്കളുടെ യോഗം വിളിച്ച സഹാചര്യത്തില്‍ ചില കോണ്‍ഗ്രസ് എംപിമാര്‍ അസൗകര്യം അറിയിച്ചു. തുടര്‍ന്ന് യോഗം 17-ാം തീയതി തിരുവനന്തപുരത്ത് ചേരാന്‍ നിശ്ചയിച്ചു. പിന്നീട് മുഖ്യമന്ത്രിയുടെ സൗകര്യാര്‍ത്ഥം യോഗം ദില്ലിയിലേക്ക് മാറ്റികയാണെന്ന് അറിയിച്ചു.

യോഗം സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായതില്‍ എംപിമാര്‍ക്കിടയില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. എതൊക്കെ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കണമെന്ന് ആലോചിക്കുന്നതിനാണ് യോഗം.എന്നാല്‍ പാര്‍ലമെന്റ് സമ്മേളനത്തിന്റെ തലേദിവസം യോഗം വിളിച്ചിട്ട് കാര്യമില്ലെന്ന ആക്ഷേപമുണ്ട്. ചോദ്യങ്ങള്‍ രണ്ടാഴ്ച മുന്‍പ് പാര്‍ലമെന്റ് സെക്രട്ടറിയേറ്റില്‍ നല്‍കണം.

നാളെ നിശ്ചയിക്കുന്ന വിഷയങ്ങളില്‍ നോട്ടീസ് നല്‍കിയാല്‍ ഈ സമ്മേളനത്തില്‍ ഉത്തരം കിട്ടുമോ എന്ന കാര്യത്തില്‍ സംശയമാണ്. മാത്രമല്ല ദില്ലിയില്‍ യോഗം നടക്കുന്നതിനാല്‍ എല്ല മന്ത്രിമാര്‍ക്കും പങ്കെടുക്കാന്‍ കഴിയില്ല. അതിനാല്‍ വകുപ്പുകള്‍ ഉന്നയിക്കാന്‍ ഉദ്ദേശിക്കുന്ന വിഷയങ്ങളുടെ വിശദാംശങ്ങളും എംപിമാര്‍ക്ക് കിട്ടില്ല. അതിനാല്‍ നാളത്തെയോഗം വഴിപാടാകുമെന്നാണ് പ്രധാനവിമര്‍ശനം.