ചോദ്യം ചെയ്യലില്‍ കൂസലില്ലാതെ സൗമ്യ; ഒടുവില്‍ അവിഹിതബന്ധം കൊലപാതകത്തിലെത്തിച്ചെന്ന് കുറ്റസമ്മതം

കണ്ണൂര്‍: രണ്ട് യുവാക്കൾക്കൊപ്പം രാത്രിയിൽ വീട്ടിനുള്ളിൽ മോശം സാഹചര്യത്തിൽ അമ്മയെ കണ്ടതോടെ ഭയന്ന് നിലവിളിച്ച എട്ട് വയസുകാരിയായ മകൾ ഐശ്വര്യയെ ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്തി. ഇതോടെ അവിഹിത ബന്ധത്തെ കൂടുതൽ ശക്തമായി എതിർത്ത മാതാപിതാക്കളോടായി പക. 

Add Asianetnews as a Preferred SourcegooglePreferred

മാർച്ചിൽ കറിയിൽ വിഷം കലർത്തി അമ്മ കമലയെയും ഏപ്രിൽ മാസത്തിൽ രസത്തില്‍ വിഷം ചേർത്ത് അച്ഛനെയും ഇല്ലാതാക്കി. പുറമെ ഉള്ളവരുടെ സഹായവും ലഭിച്ചു. 11 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ താനൊഴികെ വീട്ടിൽ ബാക്കി ഉള്ളവരെ മുഴുവൻ ഇല്ലാതാക്കിയ കഥ സൗമ്യ വിവരിച്ചത് ഇങ്ങനെയാണ്. 

അവിഹിത ബന്ധം എതിർത്തതിന്റെ പേരിലായിരുന്നു കൊലപാതകങ്ങൾ എല്ലാം. ആദ്യം ചോദ്യം ചെയ്യലിൽ കൂസലില്ലാതെ ഇരുന്ന സൗമ്യ, ഫോൺ രേഖകളുടെ സഹായത്തിലും ബന്ധമുള്ള മൂന്ന് യുവാക്കളെ, ഒരുമിച്ചിരുത്തിയും ഉള്ള പോലീസിന്റെ ചോദ്യം ചെയ്യലിൽ പതറി. മൂന്ന് കൊലപാതകങ്ങളിലും കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി

മുൻപ് സൗമ്യയെ ഇതേരീതിയിൽ വിഷം നൽകി കൊലപ്പെടുത്താൻ മുൻ ഭർത്താവ് ശ്രമിച്ചിരുന്നു. ഇങ്ങനെയാണ് വിഷം പ്രയോഗിക്കുന്ന രീതി സൗമ്യക്ക് മനസിലായത്. വിഷം നല്‍കിയ ശേഷം ശരീരത്തിൽ വ്യാപിക്കാൻ അച്ഛനെയും അമ്മയെയും മകളെയും സൗമ്യ ധാരാളം വെള്ളം കുടിപ്പിച്ച് മരണം ഉറപ്പാക്കി. 

മരിച്ച മകൾ ഐശ്വര്യയുടെ രാസപരിശിധന ഫലം ഇന്ന് എത്തും. അതിനു മുൻപേ പ്രതി കുറ്റം സമ്മതിച്ചത് പൊലീസിന് കാര്യങ്ങൾ എളുപ്പമാക്കി. ഇനി സൗമ്യയെ സഹായിച്ചവർ അടക്കം കൂടുതൽ പേരുടെ അറസ്റ്റിലേക്ക് അന്വേഷണം നീളും. ഓട്ടോ ഡ്രൈവറും, ഒരു കമ്പനി ഉടമയും അടക്കമുള്ളവർ പോലീസിന്റെ വലയിലാണ്. സൗമ്യയുടെ കുറ്റസമ്മതം അറിഞ്ഞതോടെ തകർന്ന നിലയിലാണ് കുടുംബാംഗങ്ങളും നാട്ടുകാരും.