ഒരു നാണയത്തിന് രണ്ട് വശമുണ്ടെന്ന് പറയുന്നതുപോലെ സമൂഹ മാധ്യമങ്ങള്‍ക്ക് നല്ലതും ചീത്തയുമായ വശങ്ങളുണ്ടെന്ന് ഓർമ്മപ്പെടുത്തുന്നതാണ് വൈറൽ എന്ന ഹ്രസ്വചിത്രം. കേരള പൊലീസിന്റെ ഈ ഉദ്യമത്തിന് പിന്തുണയുമായി നടൻ പൃഥ്വിരാജും രംഗത്തെത്തിയിട്ടുണ്ട്.
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലെ ചതിക്കുഴികൾക്കെതിരെ ബോധവല്‍ക്കരണവുമായി കേരള പൊലീസിന്‍റെ ഹ്രസ്വചിത്രം. ഒരു നാണയത്തിന് രണ്ട് വശമുണ്ടെന്ന് പറയുന്നതുപോലെ സമൂഹ മാധ്യമങ്ങള്‍ക്ക് നല്ലതും ചീത്തയുമായ വശങ്ങളുണ്ടെന്ന് ഓർമ്മപ്പെടുത്തുന്നതാണ് വൈറൽ എന്ന ഹ്രസ്വചിത്രം. കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജ് വഴിയും യൂ ട്യൂബ് വഴിയുമാണ് ചിത്രം ജനങ്ങളിലേക്കെത്തിക്കുന്നത്. ഈ ഉദ്യമത്തിന് പിന്തുണയുമായി നടൻ പൃഥ്വിരാജും രംഗത്തെത്തിയിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളിലൂടെ അശ്ലീല ചിത്രങ്ങളും നഗ്നതാപ്രദര്‍ശനങ്ങളും അതിരില്ലാതെ പ്രചരിച്ചുകൊണ്ടിരിക്കയാണ്. ഇതിനു പിന്നിലെ ചതിക്കുഴികള്‍ മനസ്സിലാക്കാന്‍ എല്ലാവര്‍ക്കും കഴിയണം എന്ന സന്ദേശവുമായി മുന്നിട്ടിറങ്ങിയിരിക്കയാണ് കേരള പൊലീസിന്റെ സോഷ്യല്‍ മീഡിയ വിഭാഗം. കേരള പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ തന്നെ അരുണ്‍ ബി.ടിയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരായ സന്തോഷ് പി.എസ്, കമലനാഥ്, ബിജു ബി.എസ്, ബിമല്‍ വി.എസ് എന്നിവരും വൈറല്‍ ചിത്രത്തിന്റെ പിന്നണിക്കാരാണ്.
കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
പരിധിയില്ലാത്ത സാമൂഹ്യമാധ്യമ ഉപയോഗം തകർത്തെറിഞ്ഞ ജീവിതങ്ങളുടെ എണ്ണമറ്റ ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. അവിവേകത്തിനൊപ്പം അറിവില്ലായ്മയും കൂടിച്ചേരുമ്പോഴാണ് പലരും ചതിക്കുഴികളിൽപ്പെട്ടുപോകുന്നത്. സമൂഹ മാധ്യമങ്ങൾ വഴി സ്വകാര്യത പങ്കു വെക്കുന്നതിനു പിന്നിലെ അപകടങ്ങൾ ചൂണ്ടികാട്ടുന്നതിലേക്ക് കേരള പോലീസ് തയ്യാറാക്കിയ വൈറൽ എന്ന ഹ്രസ്വചിത്രം നിങ്ങൾക്ക് മുന്നിലേക്ക് ... ഇത് ജനങ്ങളിലേക്ക് എത്തിക്കേണ്ടത് നമ്മുടെ കടമയാണ്
