തിരുവനന്തപുരം: പൊലീസിനെതിരായ പ്രചാരണങ്ങള്‍ തടയാന്‍ സേനയില്‍ സോഷ്യല്‍ മീഡിയ സെല്‍ രൂപീകരിക്കുന്നു. ഡിജിപി മുതല്‍ പൊലീസുകാര്‍ വരെ ഉള്‍പ്പെടുന്ന വാട്സ് ആപ്പ് കൂട്ടായ്മയാണ് ആദ്യഘട്ടത്തില്‍ നിലവില്‍ വരുക. ഓരോ യൂണിറ്റിലും വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ തുടങ്ങാന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു.

ഡിജിപി ഒരു സന്ദേശമിറക്കിയാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ അത് താഴേ തട്ടിലെത്തുക, ഒരു പൊലീസുകാരന്‍ ഒരു ആശയം പങ്കുവച്ചാല്‍ അത് ഡിജിപിയുടെ അടുത്ത് വരെ എത്തുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുക എന്നിവയ്‌ക്ക് പുറമെ മാധ്യമങ്ങളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും വരുന്ന പൊലീസിനെതിരായ വാര്‍ത്തകള്‍ പ്രതിരോധിക്കാന്‍ നവമാധ്യമങ്ങള്‍ ഉപയോഗിക്കുക കൂടിയാണ് ലക്ഷ്യം. ഇതിനായി വാട്സ്‍ആപ്, ട്വിറ്റര്‍, ഫേസ്‍ബുക്ക് എന്നിവയില്‍ മുഴുവന്‍ പൊലീസുകാരെയും പങ്കാളികളാക്കുകയാണ് ലക്ഷ്യം. ആദ്യം വാട്സ ആപ്പ് കൂട്ടായ്മയാണ് രൂപീകരിക്കാന്‍ പോകുന്നത്. 

സംസ്ഥാനത്തെ 50,000 പൊലീസ് സേനാംഗങ്ങളെയും ഒരു ഗ്രൂപ്പില്‍ കൊണ്ടുവരുക സാധ്യമല്ല. അതിനാല്‍ ഓരോ യൂണിറ്റിലും 256 പേര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പകള്‍ ഉണ്ടാക്കും. ഓരോ ഗ്രൂപ്പിലെ അഡ്മിന്‍മാര്‍ മാത്രം ചേര്‍ന്ന് മറ്റൊരു ഗ്രൂപ്പുണ്ടാകും. അതില്‍ ഉന്നത ഉദ്യോഗസ്ഥരുമുണ്ടാകും. സംസ്ഥാനത്തെ എല്ലാ അഡ്മിന്‍മാരും ചേര്‍ന്ന ഈ ഗ്രൂപ്പിലേക്ക് ഒരു സന്ദേശമെത്തിയാല്‍ ഞൊടിയിടയില്‍ താഴേക്കെത്തിക്കണമെന്നാണ് നിര്‍ദ്ദേശം. ഡിജിപിയുടെ കണ്‍ട്രോള്‍ റൂമാകും ഗ്രൂപ്പുകളുടെ നിയന്ത്രണവും നിരീക്ഷണവും നിര്‍വ്വഹിക്കുക.

പൊലീസിന്റെ നേട്ടങ്ങള്‍, ജനങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍ എന്നിവ ഗ്രൂപ്പിലുള്ളവര്‍ മറ്റ് സൗഹൃദ വലയങ്ങളിലേക്ക് പങ്കുവെയ്‌ക്കണം. ഗ്രൂപ്പുകള്‍ കൈകാര്യം ചെയ്യാനായി കഴിവുള്ളവരുടെ ബയോഡേറ്റയും പൊലീസ് മേധാവി ക്ഷണിച്ചിട്ടുണ്ട്. അഭിമുഖത്തിലൂടെയാണ് അഡ്മിന്‍മാരെ തെരഞ്ഞെടുക്കുന്നത്. വാട്ആപ് കൂട്ടായ്മ വന്നാലും ആശയങ്ങള്‍ പങ്കുവെയ്‌ക്കുന്നതില്ലും വിമ‍ശിക്കുന്നതിലും പൊലീസുകാര്‍ക്ക് എത്രത്തോളം സ്വാതന്ത്ര്യമുണ്ടാകുമെന്ന് കണ്ടുതന്നെ അറിയണം.