കൂടുതല്‍  യാത്രക്കാരെ ഉൾക്കൊള്ളിക്കാൻ സീറ്റുകൾ ഊരിമാറ്റിയും നീളവും വീതിയും വെട്ടിക്കുറച്ചും സ്വകാര്യ ബസുകളുടെ തട്ടിപ്പ്

തൃശ്ശൂര്‍: കൂടുതല്‍ യാത്രക്കാരെ ഉൾക്കൊള്ളിക്കാൻ സീറ്റുകൾ ഊരിമാറ്റിയും നീളവും വീതിയും വെട്ടിക്കുറച്ചും സ്വകാര്യ ബസുകളുടെ തട്ടിപ്പ്. ഫിറ്റ്നസ് പരിശോധനയ്ക്ക് ശേഷമാണ് പലരും സീറ്റിൽ കൃത്രിമം കാണിക്കുന്നതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.

മോട്ടോര്‍ വാഹന ചട്ടമനുസരിച്ച് ബസുകളിലെ സീറ്റിന് 76 സെൻറിമീറ്റര്‍ നീളവും 38 സെൻറിമീറ്റര്‍ വീതിയും വേണം. ഇത് കൃത്യമായി തൃശ്ശൂരിലെ ബസുകള്‍ പാലിക്കുന്നില്ലെന്ന് തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്‍റിലെ ബസുകളുടെ കാഴ്ച പറയും.

മിക്ക ബസുകളുടെയും സീറ്റുകള്‍ക്ക് മതിയായ നീളവും വീതിയും ഇല്ല. സീറ്റ് ഊരിയെടുത്തതിന്റെ അടയാളം കാണാം. 48 സീറ്റ് വേണ്ടിടത്ത് 40 സീറ്റ് പോലുമില്ല. ഉള്‍പ്രദേശങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസുകളിലാണ് നിയമലംഘനം കൂടുതല്‍. 

നാല് സീറ്റ് ഒഴിവാക്കിയാൽ അവിടെ 10 പേരെയെങ്കിലും നിർത്താം. സീറ്റുകളിൽ ഞെങ്ങി ഞെരുങ്ങിയാണ് ഇരുപ്പ്. 48 സീറ്റുള്ള ബസ്സിൽ 11 പേർ മാത്രമേ നിന്ന് യാത്രചെയ്യാവൂ എന്ന ചട്ടവും പാലിക്കുന്നില്ല. എന്നാല്‍ യാത്രക്കാരെ കുത്തിനിറച്ചു കൊണ്ടുപോകുന്നതിനെതിരെ തൃശൂരില്‍ ഇതുവരെ ഒരു കേസു പോലും എടുത്തിട്ടില്ലെന്നാണ് വിവരാവകാശ നിയമപ്രകാരമുളള മറുപടി.