തിരുവനന്തപുരം: ആധാറില്ലാത്തതിനാല്‍ റേഷന്‍ ലഭിക്കാതെ ത്സാര്‍ഖണ്ഡില്‍ ഒരു സ്ത്രീ മരിച്ച വാര്‍ത്ത നമ്മള്‍ മലയാളികള്‍ വായിച്ചുവിട്ടതാണ്, അതൊക്കെ ഝാര്‍ഖണ്ഡിലല്ലെ എന്ന ഒറ്റ ആശ്വാസത്തില്‍. എന്നാല്‍ പൊതുവിതരണ സംവിധാനത്തെ ശക്തിപ്പെടുത്താനും കരിഞ്ചന്ത വ്യവസായത്തെ ഇല്ലാതാക്കാനുമായി റേഷന്‍ കടകളില്‍ ബയോമെട്രിക് സംവിധാനമെന്ന ആശയം സര്‍ക്കാര്‍ നടപ്പാക്കിയപ്പോള്‍ അത് കേരളത്തിലെ ആദിവാസികളെ എങ്ങനെയായിരിക്കും ബാധിച്ചിരിക്കുക എന്ന അന്വേഷണത്തില്‍ മനസിലാവുന്നത് ഝാര്‍ഖണ്ഡ് നമ്മളില്‍ നിന്ന് ഒരുപാടൊന്നും അകലെയല്ലെന്നതു തന്നെയാണ്.

റേഷന്‍ ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കിയത് ഇവിടെയും ആദിവാസിയെ പട്ടിണിയിലെത്തിച്ചിരിക്കുന്നത്. കേരളത്തിലെ ഭൂരിഭാഗം ആദിവാസികളും ആധാര്‍ ഇല്ലാത്തവരാണ്. അതിനിടെയാണ് ആധാറിനൊപ്പം വിരലടയാളം കൂടി പതിക്കണമെന്ന നിബന്ധന സര്‍ക്കാര്‍ കൊണ്ടു വരുന്നത്. കഴിഞ്ഞ മെയ് മാസത്തോടെ കേരളത്തിലെ ആദിവാസി ഊരുകളിലുള്‍പ്പെടെ ഇത് പ്രാവര്‍ത്തികമാക്കി തുടങ്ങുകയും ചെയ്തു. ഇതോടെ ദാരിദ്ര്യത്തില്‍ നിന്നും പട്ടിണിയിലേക്കാണ് ആദിവാസികള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. 

കേരളത്തിലെ ആദിവാസി ന്യൂനപക്ഷങ്ങളില്‍ പലര്‍ക്കും ആധാര്‍ കാര്‍ഡില്ല. ഉള്ളവര്‍ക്കാകട്ടെ വിരലടയടയാളവുമായി ബന്ധിപ്പിക്കാനും സാധിച്ചിട്ടില്ല. അതിനാല്‍ തന്നെ പലര്‍ക്കും റേഷനുമില്ല. മഴക്കാലമായതിനാല്‍ ആദിവാസി ഊരുകളില്‍ പലര്‍ക്കും ജോലി ഇല്ലാത്ത അവസ്ഥയ്ക്ക് പിന്നാലെയാണ് റേഷന്‍ കൂടി മുട്ടിയിരിക്കുന്നത്. മിക്ക കുടുംബങ്ങള്‍ക്കും മാസംതോറും കിട്ടുന്ന റേഷന്‍ മാത്രമായിരുന്നു ആശ്വാസം. ആധാറും വിരലടയാളവും കര്‍ശനമാക്കിയതോടെ അതും ഇല്ലാതായി. ദിവസങ്ങളോളം റേഷന്‍ കടയില്‍ ക്യൂ നിന്നിട്ടും ഫിങ്കര്‍ പ്രിന്റ് പതിയാത്തതിനാല്‍ വെറും കയ്യോടെ തിരിച്ചു പോകേണ്ടി വരുകയാണെന്ന് ഈ കൂട്ടര്‍ പരാതിപ്പെടുന്നു.

ആദിവാസി ഊരുകളിലെ പലരും ബയോമെട്രിക് സംവിധാനത്തിന് ശേഷം എപിഎല്‍ ലിസ്റ്റിലായി എന്ന വിരോധാഭാസവുമുണ്ട്. സാമ്പത്തികശേഷിയില്ലാത്ത നൂറോളം ആദിവാസികളാണ് ഇപ്പോള്‍ എപിഎല്‍ ലിസ്റ്റിലുള്ളത്. ഉദ്യോഗസ്ഥരുടെ പാകപ്പിഴവു മൂലം വന്ന ഈ തിരുത്ത് കാരണം, എപിഎല്‍ പ്രകാരമുള്ള 3 കിലോഗ്രാം അരികൊണ്ട് മാസം തള്ളി നീക്കേണ്ട അവസ്ഥയാണ് ഇവര്‍ക്ക്. സര്‍ക്കാറിന്റെ ഈ നിയമങ്ങള്‍ വലിയ പട്ടിണിയിലേക്കാണ് ആദിവാസികളെ തള്ളിവിടുന്നതെന്ന് വയനാട് നടവയല്‍ സ്വദേശിനി മംഗ്ലു ശ്രീധര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

'ജോലി ഒഴിവാക്കിയും മറ്റുമാണ് റേഷന്‍ കടയില്‍ ഞങ്ങള്‍ കാത്തുനില്‍ക്കുന്നത്. സാങ്കേതിക തകരാറുകള്‍ മൂലം വിരലടയാളം യന്ത്രത്തില്‍ പതിയുന്നില്ല. നിയമങ്ങള്‍ കര്‍ശനമായതിനാല്‍ റേഷന്‍ കടക്കാരും അഡ്ജസ്റ്റ് ചെയ്യാന്‍ കൂട്ടാക്കുന്നില്ല. ഈ മഴക്കാലത്ത് ജോലി കുറവുള്ള അവസ്ഥയില്‍ റേഷന്‍ മാത്രമാണ് ആശ്വാസം.അതും ഇപ്പോള്‍ ഇല്ലാതായിരിക്കുകയാണ'-മംഗ്ലു പറയുന്നു. 

ബയോമെട്രിക് സംവിധാനം കര്‍ശനമാക്കിയതിനാല്‍ പരിചയമുള്ള റേഷന്‍കടക്കാര്‍ക്ക് പോലും ആദിവാസികളെ സഹായിക്കാന്‍ സാധിക്കുന്നില്ലെന്ന് പുല്‍പ്പള്ളി സ്വദേശിയും ആദിവാസി കുടുംബാംഗവുമായ നാരായണന്‍ എന്‍. ശങ്കരന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. മഴക്കാലം ആദിവാസിക്ക് പട്ടിണിയുടെ കാലമാണ്. വലിയൊരു പട്ടിണിയിലേക്കാണ് ആദിവാസികളെ സര്‍ക്കാര്‍ തള്ളിവിടുന്നത്. 

സുപ്രീംകോടതി പോലും വില നല്‍കാത്ത ആധാര്‍ കാര്‍ഡാണ് റേഷന്‍ കിട്ടാനുള്ള മാനദണ്ഡമായി കണക്കാക്കിയിരിക്കുന്നത്. ഒപ്പം ഫിംഗര്‍ പ്രിന്‍റ് പതിയണമെന്ന മറ്റൊരു നിയമവും. ഒരേ പേരിലുള്ള കുറേയാളുകള്‍ ആദിവാസി ഊരുകളിലുണ്ട്. അതിനാല്‍ കാര്‍ഡുകളും ഫിംഗര്‍ പ്രിന്റും പരസ്പരം മാറാനുള്ള സാധ്യതയും ഏറെയാണ്. ഫലത്തില്‍ സര്‍ക്കാര്‍ ആദിവാസിയുടെ അന്നം മുട്ടിക്കുകയാണ്'-നാരായണന്‍  പറഞ്ഞു.

മൂന്നോ നാലോ പേരാണ് റേഷന്‍ കാര്‍ഡനുസരിച്ച് ഓരോ ആദിവാസി കുടുംബത്തിലുമുള്ളത്. പല വീടുകളിലും ആധാര്‍ കാര്‍ഡുള്ളയാള്‍ ജോലിക്കായി ദൂര ദേശങ്ങളില്‍ പോയിരിക്കുകയുമാകും. മാസങ്ങള്‍ക്ക് ശേഷം മാത്രമേ ഇവര്‍ ഊരുകളില്‍ തിരിച്ചെത്തു എന്നതിനാല്‍ അത്രയും കാലം കുടുംബത്തിലെ മറ്റുള്ളവര്‍ക്ക് റേഷന്‍ നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.