തിരുവനന്തപുരം: സംസ്ഥാനത്ത് വിജിലന്‍സിന് മുന്നിലെത്തുന്ന പരാതികള്‍ തരംതിരിക്കുന്നതിനെ കുറിച്ച് വിദഗദ്ധാഭിപ്രായമറിയിക്കാന്‍ എസ്‌പി മാര്‍ക്കും നിയമ വിദഗദ്ധര്‍ക്കും വിജലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശം. ഹൈക്കോടതി വിമര്‍ശനത്തോടെ വിജലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണ സ്തംഭനത്തിലായ സാഹചര്യത്തിലാണ് നടപടി. അതിനിടെ അഴിമതികൂടിയ ലോകത്ത് അഴിമതിക്കെതിരായ യുദ്ധത്തിന് പലതലത്തില്‍ തിരിച്ചടിയുണ്ടാകുമെന്ന് വിജലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ട്വിറ്ററില്‍ കുറിച്ചു.

എന്തു പരാതി സ്വീകിരക്കണമെന്നതിനെ കുറിച്ച് വ്യക്തതയില്ല. പരാതികള്‍ കുമിഞ്ഞു കൂടുമ്പോള്‍ എടുക്കേണ്ട തുടര്‍നടപടികളെ കുറിച്ചാണ് വിജലന്‍സില്‍ ആശയക്കുഴപ്പം. എതൊക്കെ പരാതികള്‍ സ്വീകരിക്കണമെന്നതിനെ കുറിച്ചും കാര്യമുള്ള പരാതികള്‍ ഒറ്റനോട്ടത്തില്‍ അറിയുന്നതെങ്ങനെ എന്നതിനെ കുറിച്ചും അഭിപ്രായങ്ങളറിയിക്കാനാണ് വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശം. എസ്‌പിമാരും നിയമ വിദഗ്ധര്‍ക്കും നല്‍കിയ നോട്ടീസിന് തിങ്കളാഴ്ചക്കകം മറുപടി നല്‍കണം. അഴിമതി മാത്രം അന്വേഷിച്ചാല്‍ മതിയെന്നനും അധികാര ദുര്‍വിനിയോഗം അനുവദിക്കില്ലെന്നും കോടതി കടുത്ത വിമര്‍ശനമുന്നയിച്ചതോടെ വലിയ പരാതികള്‍ വാങ്ങില്ലെന്ന നിലപാട് വിജലന്‍സ് സ്വീകരിച്ചിരുന്നു.

മുഖ്യമന്ത്രി ഇടപെട്ടതോടെ തീരുമാനം പിന്‍വലിക്കുകയും ചെയ്തു. ഭരണപരമായ കാര്യങ്ങളില്‍ വിജലന്‍സ് ഇടപെടേണ്ടെന്നും ഇക്കാര്യത്തില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം കൊണ്ടുവരുമെന്നുമാണ് കോടതി പറയുന്നത്. എന്നാല്‍ പരാതികളില്‍ മിക്കതും ഈ വിഭാഗത്തില്‍ പെട്ടതായതിനാല്‍ തുടരന്വേഷണം പ്രതിസന്ധിയിലാണ്. പുറമെ വിവിധ യൂണിറ്റുകളിലായി ദിനം പ്രതി നേരിട്ടും അല്ലാതെയും നൂറ് കണക്കിന് പരാതികളാണെത്തുന്നുമുണ്ട്. ഇക്കഴിഞ്ഞ ജൂണ്‍ രണ്ട് മുതല്‍ ജനുവരി 31 വരെ മാത്രം വിജലന്‍സിന് കിട്ടിയത് 12000ത്തോളം പരാതികളാണ്. 5000 പരാതികളില്‍ തുടര്‍നടപടികളായി. 291 കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിനിടയിലാണ് അഴിമതിക്കെതിരായ പോരാട്ടത്തിന് പലഭാഗങ്ങളില്‍ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന് ട്വിറ്ററില്‍ ജേക്കബ് തോമസിന്റെ കുറിപ്പ്.