കേരളത്തിലെ സമ്പൂർണ്ണ യോഗാ ഗ്രാമം‌ ഒരു വീട്ടിലെ ഒരാളെങ്കിലും യോഗ അറിയുന്നയാൾ യോഗാ റാലിയുമായി കുന്നന്താനം പഞ്ചായത്ത്
പത്തനംതിട്ട: പടയണിയുടെയും കർഷകരുടെയും ഗ്രാമമാണ് പത്തനംതിട്ട ജില്ലയിലെ മല്ലപ്പിള്ളി താലൂക്കിലെ കുന്നന്താനം. എന്നാൽ ദേശീയ തലത്തിൽ ഈ ഗ്രാമം ശ്രദ്ധ നേടുന്നത് മറ്റൊരു പ്രത്യേകത കൊണ്ടാണ്. ഇന്ത്യയിലെ തന്നെ സമ്പൂർണ യോഗാ ഗ്രാമമാണ് കുന്നന്താനം. അതായത് ഈ നാട്ടിലെ ഓരോ വീട്ടിലും യോഗ പരിശീലിക്കുന്ന ഒരാളെങ്കിലുമുണ്ടാകും എന്ന് സാരം. അന്താരാഷ്ട്ര യോഗാ ദിനമായ ഇന്ന് പഞ്ചായത്തിലെ എല്ലാവരെയും പങ്കെടുപ്പിച്ച് യോഗാറാലി നടത്തിയാണ് കുന്നന്താനം യോഗയുടെ പ്രയോജനങ്ങളെക്കുറിച്ച് പറയാനുദ്ദേശിക്കുന്നത്. യോഗ ഇവരുടെ ദിനചര്യയുടെ ഭാഗമായിരിക്കുന്നത് കൊണ്ട് ജീവിതശൈലി രോഗങ്ങളായ ഷുഗറും പ്രഷറും കൊളസ്ട്രോളും ഇവിടെയുള്ളവരെ തൊടാൻ ഒന്നു പേടിക്കും.
2017 ലാണ് കുന്നന്താനത്തിന് ഈ പദവി ലഭിക്കുന്നത്. നിരവധി ശാരീരിക അസ്വസ്ഥതകൾക്കുള്ള മറുമരുന്നാണ് യോഗ എന്ന് ഗ്രാമം തിരിച്ചറിഞ്ഞു തുടങ്ങിയിട്ട് വർഷങ്ങളായി. തങ്ങളുടെ ഗ്രാമം ദേശീയ തലത്തിൽ അറിയപ്പെടുന്നതിൽ വളരെയധികം സന്തോഷവും അഭിമാനവുമുണ്ടെന്ന് കുന്നന്താനം പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണക്കുറുപ്പ് പറയുന്നു. അഞ്ച് വയസ്സുമുതൽ തൊണ്ണൂറ് വയസ്സുവരെയുള്ളവർ ഇവിടത്തെ യോഗാ ക്ലാസ്സിൽ അംഗങ്ങളായുണ്ട്. ജീവിതശൈലി രോഗങ്ങൾ ജനങ്ങളിൽ പൊതുവായി കണ്ടുതുടങ്ങിയപ്പോഴാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചേർന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. കുന്നന്താനം മാതൃകയിൽ ഇന്ത്യയിലെ അഞ്ഞൂറ് ഗ്രാമങ്ങളാണ് സമ്പൂർണ്ണ യോഗാ ഗ്രാമങ്ങളാകാൻ തയ്യാറെടുക്കുന്നത്.
ക്രൈസ്തവ വിശ്വാസികളാണ് ഇവിടെ കൂടുതലുള്ളത്. എന്നാൽ നാനാജാതി മതസ്ഥരും യോഗാഭ്യാസത്തിൽ ഒന്നിക്കുന്ന കാഴ്ചയാണ് ഇവിടെ കാണാൻ സാധിക്കുന്നത്. 22000 പേരാണ് കുന്നന്താനം പഞ്ചായത്തിലെ ജനസംഖ്യ. അതിൽ 16100 പേരും യോഗ ചെയ്യുന്നവരാണെന്ന് രാധാകൃഷ്ണക്കുറുപ്പ് പറയുന്നു. ആരോഗ്യമുള്ള വ്യക്തികളെ വാർത്തെടുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. -നമ്മുടെ ഗ്രാമം ആരോഗ്യ ഗ്രാമം എന്ന മുദ്രാവാക്യത്തെ മുൻനിർത്തിയാണ് യോഗ ചെയ്യാമെന്ന് തീരുമാനിക്കുന്നത്. തിരുവല്ല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രണവം യോഗാ സെന്ററിന്റെ പങ്കാളിത്തത്തോടെയാണ് കുന്നന്താനം ഗ്രാമം സമ്പൂർണ്ണ യോഗാ ഗ്രാമമായി മാറിയിരിക്കുന്നത്. പഞ്ചായത്തിലെ പതിനഞ്ച് വാർഡുകളിലായി 64 യോഗാ കേന്ദ്രങ്ങളാണുള്ളത്. ഒരു കുടുംബത്തിൽ നിന്ന് ഒരാളെങ്കിലും യോഗ അറിഞ്ഞിരിക്കണം എന്ന് ഈ ഗ്രാമം തീരുമാനിച്ചിരിക്കുന്നു. വൈദികരും കന്യാസ്ത്രീകളും ഉൾപ്പെടെ യോഗ പഠിക്കുന്നവരും പരിശീലനം നൽകുന്നവരുമാണ്.
മാത്രമല്ല, സ്കൂളിൽ അസംബ്ളിക്ക് മുമ്പ് പത്ത് മിനിറ്റ് യോഗ നിർബന്ധമാക്കിയിട്ടുണ്ട്. അതായത് സ്കൂൾ തലം മുതൽ ആരോഗ്യ സംരക്ഷണത്തിൽ യോഗയുടെ പ്രാധാന്യം കുട്ടികൾക്ക് പകർന്നു നൽകുന്നു എന്നർത്ഥം. ഈ വർഷത്തെ അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ച് ഏകദേശം ഏഴായിരം പേരെ പങ്കെടുപ്പിച്ച് യോഗാ റാലി നടത്താനാണ് കുന്നന്താനം പഞ്ചായത്തിന്റെ തീരുമാനം. നിരവധി സംഘടനകളും കുടുംബശ്രീ ഉൾപ്പെടെയുള്ളവരും ഇതിൽ പങ്കാളികളാകുന്നുണ്ട്. കുന്നന്താനം ഗ്രാമപഞ്ചായത്ത് മറ്റ് ഗ്രാമങ്ങൾക്കും ആരോഗ്യ സംരക്ഷണത്തിൽ മാതൃകയാകുന്ന നിലയിലേക്കാണ് വളർന്നുകൊണ്ടിരിക്കുന്നത്.
