ശെല്‍വിയുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ ശബരിമല യുവതീ പ്രവേശനത്തെ പിന്തുണയ്ക്കുന്ന  പ്രതിഷേധക്കാരാണ് കേട്ടാലറയ്ക്കുന്ന ഭാഷയില്‍ ചീത്തവിളികളുമായി എത്തിയിരിക്കുന്നത്. ശെല്‍വിയുടെ പോസ്റ്റുകള്‍ക്ക് കമന്‍റായി പരിഹാസങ്ങളും നിറയുന്നുണ്ട്.  

തിരുവനന്തപുരം: ശബരിമല കയറാനെത്തിയ മനിതി സംഘത്തിനെ നയിക്കുന്ന ശെല്‍വിയ്ക്ക് നേരെ സൈബര്‍ ആക്രമണം. ശെല്‍വിയുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ തെറിവിളികളുമായി എത്തിയിരിക്കുകയാണ് ശബരിമല യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍. കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് ശെല്‍വിയെ പ്രതിഷേധക്കാര്‍ ചീത്ത വിളിക്കുന്നത്. മല കയറാന്‍ കേരളത്തിലേക്ക് വരേണ്ടെന്നും സഭ്യമല്ലാത്തതുമായ വാക്കുകള്‍ ഉപയോഗിച്ചാണ് ചീത്ത വിളി.

യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ തുടര്‍ന്ന് മലകയറാന്‍ ഇന്ന് പമ്പയിലെത്തിയ ശെല്‍വിയെയും മനിതി എന്ന സംഘടനയിലെ മറ്റം അംഗങ്ങളെയും പ്രതിഷേധകര്‍ തടയുകയായിരുന്നു. എന്നാല്‍ അയ്യപ്പ ദര്‍ശമനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടാണ് ചര്‍ച്ചയ്ക്ക് വിളിച്ച പൊലീസ് ഉദ്യോഗസ്ഥരെ ശെല്‍വി അറിയിച്ചത്. ഇതിന് പിന്നാലെയാണ് ശെല്‍വിയുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ മലയാളികള്‍ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ ചീത്തവിളികളുമായി എത്തിയിരിക്കുന്നത്. ശെല്‍വിയുടെ പോസ്റ്റുകള്‍ക്ക് കമന്‍റായി പരിഹാസങ്ങളും നിറയുന്നുണ്ട്. 

പെരുമ്പാവൂരിൽ സ്വന്തം വീടിനകത്ത് ക്രൂരമായി ബലാത്സംഗത്തിനിരയായി നിയമവിദ്യാർത്ഥിനി ജിഷ കൊല ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ടാണ് മനിതി എന്ന കൂട്ടായ്മ ഉടലെടുക്കുന്നത്. രാജ്യമാകെ ചര്‍ച്ചയായ ജിഷയുടെ കൊലപാതകത്തിൽ പ്രതിഷേധിക്കാനായി ചെന്നൈയിലെ മറീന ബീച്ചിലും സ്ത്രീകള്‍ ഒത്തുകൂടി. ജിഷയുടെ അരുകൊലയില്‍ പ്രതിഷേധിച്ച സ്ത്രീ കൂട്ടായ്മ പതിയെ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ചുവടുറപ്പിക്കാന്‍ തീരുമാനിച്ചു. ആ കൂട്ടായ്മ മനിതിയെന്ന സ്ത്രീ അവകാശ പോരാട്ട സംഘമായി മാറാന്‍ അധികനാള്‍ വേണ്ടിവന്നില്ല. വിവിധ മേഖലയിലുള്ള നിരവധി സ്ത്രീകളും യുവതികളും ഇന്ന് മനിതി സംഘടനയുടെ ഭാഗമാണ്. രാജ്യത്തെ പല സ്ഥലങ്ങളിലും സാന്നിധ്യമാകാനുള്ള ശ്രമവും സംഘടനയ്ക്കുണ്ട്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തി പോരാടുക എന്നതാണ് മനിതിയുടെ ലക്ഷ്യം.