കെവിന്റെ മരണം: മുൻ‌കൂർ ജാമ്യഹർജിയുമായി നീനുവിന്റെ അമ്മ

കൊച്ചി: കെവിൻ മരണത്തില്‍ നീനുവിന്റെ അമ്മ ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യഹർജി നൽകി. നീനുവിന്റെ അമ്മ രഹ്‌ന ആണ് മുൻ‌കൂർ ജാമ്യഹർജിയുമായി കോടതിയെ സമീപിച്ചത്. തനിക്കു കൊലപാതകവുമായി ബന്ധമില്ല. പക്ഷേ തന്നെ പ്രതിയാക്കാൻ പോലീസ് നീക്കം നടത്തുന്നുണ്ടെന്നും ഹർജിയിൽ രഹ്‌ന ആരോപിക്കുന്നു. 

കുറ്റകൃത്യത്തിൽ പങ്കാളിയല്ല. കെവിനും നീനുവും തമ്മിലുള്ള വിവാഹം അവരെ ആക്രമിക്കുന്നതിനുള്ള കാരണമല്ല. കേസിൽ തന്നെ തെറ്റായി പ്രതി ചേർക്കാനുള്ള സാധ്യതയുണ്ട്. ഉചിതമായ വേദിയിൽ നിരപരാധിത്വം തെളിയിക്കാൻ തയ്യാറാണെന്നും രഹ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. 

കോടതി നിർദ്ദേശിക്കുന്ന ഏതു നിബന്ധനകളും പാലിക്കും. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കാൻ തയ്യാറാണെന്നും രഹ്നയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമാക്കി. ഹർജിയിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി. 

അതേസമയം കെവിൻ കേസിൽ പൊലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം നാളെ ഹൈക്കോടതിയില്‍ ഹർജി നൽകും. ആരോപണവിധേയരായ പൊലീസുകാർക്കെതിരെസർക്കാർ കൂടുതൽ നടപടിക്ക് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ 4 പേർക്ക് ഇന്ന് നോട്ടീസ് നൽകും.