എസ്ഐയും അറിഞ്ഞു, ഷിബു പണം വാങ്ങി; കെവിനൊപ്പം തട്ടിക്കൊണ്ടുപോയ ബന്ധുവിന്‍റെ വെളിപ്പെടുത്തല്‍
കൊല്ലം: നവവരന് കെവിന് കൊല്ലപ്പെട്ട സംഭവത്തില് തട്ടിക്കൊണ്ടുപോകൽ എസ്ഐയും അറിഞ്ഞിരുന്നതായി വെളിപ്പെടുത്തല്. തട്ടിക്കൊണ്ടുപോകും വഴി ഷാനു ചാക്കോയും ഗാന്ധിനഗർ എസ്ഐ യും ഫോണിൽ സംസാരിച്ചിരുന്നതായി കെവിനൊപ്പം തട്ടിക്കൊണ്ടുപോയ ബന്ധു അനീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.
ഇരുവരും മൂന്ന് തവണ ഫോണിൽ സംസാരിച്ചിരുന്നു. ഇതിൽ രണ്ട് തവണ എസ്ഐ ഷാനുവിനെ അങ്ങോട്ട് വിളിച്ചതാണ്. തലേദിവസം രാത്രി പട്രോളിംഗിനിടെ ഷാനുവിനെ എസ്ഐ ചോദ്യം ചെയ്തിരുന്നു. അപ്പോൾ എസ്ഐക്ക് 10000 രൂപ നൽകിയെന്ന് ഷാനു പറഞ്ഞതായും അനീഷ് പറഞ്ഞു.
നേരത്തെ എസ്ഐ വിവരം അറിയുന്നത് രാവിലെ ഒമ്പത് മണിയോടെയാണെന്ന് ഐജിയുടെ അന്വേഷണ റിപ്പോര്ട്ടില് പറഞ്ഞിരുന്നു. എസ്ഐ കുടുംബ പ്രശ്നമായി കണ്ട് സംഭവത്തെ ലഘൂകരിച്ചു എന്നാണ് ഐജിയുടെ റിപ്പോര്ട്ടില് പറയുന്നത്. എന്നാല് ഐജിയുടെ റിപ്പോര്ട്ടിന് വിരുദ്ധമായി കൈക്കൂലിയടക്കമുള്ള ആരോപണങ്ങളാണ് അനീഷിന്റെ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നിരിക്കുന്നത്.
