പൊലീസുകാര്‍ കൈക്കൂലി വാങ്ങിയ സംഭവം: ഷാനു ചാക്കോയെ ചോദ്യം ചെയ്യലിന് വിട്ടുനല്‍കി

കൊല്ലം: കെവിൻ വധക്കേസില്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ ഒന്നാം പ്രതി ഷാനു ചാക്കോയെ വിട്ടുകിട്ടുന്നതിന് കോടതി അനുമതി നല്‍കി. ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് അനുമതി നല്‍കിയത്. അനുമതി ലഭിച്ചതോടെ പ്രതികളെ എസ്പി ഓഫീസിലെത്തിച്ച് ചങ്ങനാശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് ആരംഭിച്ചു. ഷാനുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അഞ്ച് മണിക്ക് പൂർത്തിയാകും.

കെവിനെ തട്ടിക്കൊണ്ട് പോകുന്നതിന് മുമ്പ് പുലര്‍ച്ചെ രണ്ടരമണിയോടെ പട്രോളിങ് നടത്തുകയായിരുന്ന എഎസ്ഐ ബിജുവും ഡ്രൈവറും കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. നേരത്തെ ചോദ്യം ചെയ്യലില്‍ ഷാനു തന്നെയാണ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഇത് പ്രത്യേകം കേസായി പരിഗണിച്ച് മൊഴി രേഖപ്പെടുത്താനാണ് പൊലീസ് ഇപ്പോള്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. പട്രോളിങ്ങിനിടെ പരിശോധിക്കുമ്പോള്‍ ഷാനുവും സംഘവും മദ്യപിച്ചിരുന്നു. ഇതില്‍ നിന്ന് രക്ഷപ്പെടാനായി ആയിരം രൂപ വീതം രണ്ടുപേര്‍ക്കും കൈക്കൂലി നല്‍കിയെന്നായിരുന്നു ഷാനു നേരത്തെ നല്‍കിയ മൊഴി.

അതേസമയം കെവിൻ വധക്കേസില്‍ നിയാസ്, റിയാസ്, ഇഷാൻ എന്നിവരുടെ കസ്റ്റഡി കാലവധി നീട്ടണമെന്ന അപേക്ഷ നാളെ പരിഗണിക്കും. മൂന്നുപേരുടെ കസ്റ്റഡി കാലാവധി ഇന്ന് തീർന്നിരുന്നു.മൂന്നുപേരെയും ഇന്ന് റിമാന്‍റ് ചെയ്തു.