കെവിന്റെ മരണത്തില്‍ നീനുവിന്റെ അമ്മ രഹ്നക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കി നീനുവിന്റെ സഹോദരന്‍ ഷാനുവിന്റെ ഭാര്യ ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലും തിരച്ചില്‍ നടക്കുന്നുണ്ട്

കോട്ടയം: കെവിന്റെ മരണത്തില്‍ നീനുവിന്റെ അമ്മ രഹ്നക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കി. നീനുവിന്റെ മാതാപിതാക്കള്‍ക്ക് സംഭവത്തെക്കുറിച്ച് അറിയാമായിരുന്നെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് രഹ്നക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്. നീനുവിന്റെ പിതാവിനും സഹോദരനും സംഭവത്തില്‍ പങ്കുള്ളത് നേരത്തെ പൊലീസ് വിശദമാക്കിയിരുന്നു. എന്നാല്‍ രഹ്നയുടെ പങ്കെന്താണെന്ന കാര്യം വിശദമാക്കിയിരുന്നില്ല. 

മറ്റ് പ്രതികള്‍ക്കൊപ്പം രഹ്നക്കായുള്ള തിരച്ചില്‍ ശക്തമാണ്. ഇവരെ സുരക്ഷിതമായ എവിടെയെങ്കിലും ഒളിവില്‍ താമസിപ്പിച്ചിരിക്കുകയാണെന്ന കണക്ക് കൂട്ടലിലാണ് പൊലീസ് ഉള്ളത്. തെന്മലയിലേയും തമിഴ്നാട്ടിലേയും ബന്ധുവീടുകളിലും തിരച്ചില്‍ നടക്കുന്നുണ്ട്. 

നീനുവിന്റെ സഹോദരന്‍ ഷാനുവിന്റെ ഭാര്യ ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലും തിരച്ചില്‍ നടക്കുന്നുണ്ട്. എന്നാല്‍ പൊലീസ് അന്വേഷണത്തിന്റെ വിവരങ്ങള്‍ പ്രതികള്‍ക്ക് ലഭിക്കുന്നതായി സൂചനയുണ്ട്. അതേസമയം കേസിലെ മുഖ്യപ്രതികളായ ഷാനു ചാക്കോ, അച്ഛൻ ചാക്കോ എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇവരെ കസ്റ്റഡിയിൽ വേണമെന്ന അപേക്ഷയും പൊലീസ് നൽകും. കസ്റ്റഡിയിലുള്ള 2 പൊലീസുകാർ കുറ്റകൃത്യത്തിനായി ഷാനുവിനെ സഹായിച്ചതായി തെളിവില്ലെന്നാണ് പൊലീസ് വിശദികരിക്കുന്നത്. 

എന്നാല്‍ കേസിൽ പൊലീസിന്റെ വീഴ്ച കൂടുതൽ വ്യക്തമാക്കുന്നതാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍. കെവിനെ തട്ടിക്കൊണ്ടുപോയ വിവരം പുലർച്ചെ മൂന്നര തന്നെ ഗാന്ധിനഗർ സ്റ്റേഷനിൽ വിവരം അറിയിച്ചിരുന്നുവെന്നാണ് ഫോൺ റെക്കോഡുകൾ പരിശോധിച്ച സംഘം കണ്ടെത്തിയത്. കേസിൽ ഇതുവരെ 9 പേരാണ് അറസ്റ്റിലായിട്ടുള്ളത്.