ദില്ലി: ആറന്മുള വിമാനത്താവള പദ്ധതിക്കു പരിസ്ഥിതി അനുമതി തേടി കെ.ജി.എസ് ഗ്രൂപ്പ് വീണ്ടും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചു. പരിസ്ഥിതി അനുമതിക്കുള്ള പരിഗണന വിഷയം തയ്യാറാക്കണമെന്നാവശ്യപ്പെട്ടുള്ള കെ.ജി.എസ്. ഗ്രൂപ്പിന്റെ അപേക്ഷ ജൂലായ് 29നു പരിസ്ഥിതി മന്ത്രാലയത്തിലെ വിദഗ്ധ സമിതി പരിഗണിക്കും.

ആറന്മുള വിമാനത്താവളത്തിനായി പരിസ്ഥിതിക ആഘാത പഠനം നടത്തിയ ഏജന്‍സിക്ക് അംഗീകാരമില്ലെന്നു ചൂണ്ടിക്കാട്ടി പദ്ധതിക്ക് അനുവദിച്ച പരിസ്ഥിതി അനുമതി ദേശീയ ഹരിത ട്രൈബ്യൂണലും പിന്നീടു സുപ്രീം കോടതിയും റദ്ദാക്കിയിരുന്നു. കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിന് 2011ല്‍ നല്‍കിയ എന്‍ഒസി കേന്ദ്ര പ്രതിരോധ മന്ത്രാലയവും പിന്‍വലിച്ചു. അതിന് ശേഷം പുതിയ ഏജന്‍സിയെ കൊണ്ട് പാരിസ്ഥിതിക ആഘാത പഠനം നടത്തിയ ശേഷമാണ് കെ.ജി.എസ് ഗ്രൂപ്പ് പുതിയ അപേക്ഷ നല്‍കിയിരിക്കുന്നത്.

പരിസ്ഥിതി അനുമതിക്കായുള്ള പരിഗണനാ വിഷയം തയ്യാറാക്കണമെന്നാണു കെ.ജി.എസ് ഗ്രൂപ്പിന്റെ അപേക്ഷയില്‍ പറയുന്നത്. അപേക്ഷ ജൂലായ് 29ന് പരിഗണിക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിലെ വിദഗ്ധ സമിതി തീരുമാനിച്ചു.

പുതിയ സാഹചര്യത്തില്‍ പരിസ്ഥിതി അനുമതിക്ക് തടസ്സങ്ങള്‍ ഇല്ലെന്നാണ് കെ.ജി.എസ്. ഗ്രൂപ്പിന്റെ അവകാശവാദം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടാണ് നിര്‍ണായകമാവുക.