ആഷിഷിന് ക്യാന്‍സര്‍ ബാധിച്ചിരിക്കുന്നത് തലച്ചോറിനാണ്

മുംബൈ: വലുതായാല്‍ ആരാകണമെന്ന് ചോദിച്ചാല്‍ ഏഴ് വയസ്സുകാരന്‍ ആഷിഷ് അപ്രിത് മണ്ഡലിന് പറയാന്‍ ഉത്തരം ഒന്നേ ഉണ്ടായിരന്നുള്ളൂ, പൊലീസ് ഇന്‍സ്‌പെക്ടര്‍. എന്നാല്‍ വളര്‍ന്ന്, പഠിച്ച് തുടങ്ങും മുമ്പെ ആ കുരുന്നിനെ തേടിയെത്തിയത് കാന്‍സര്‍ എന്ന മഹാവ്യാധി.

ആഷിഷിന് ക്യാന്‍സര്‍ ബാധിച്ചിരിക്കുന്നത് തലച്ചോറിനാണ്. അപ്പോഴും അവന്റെ ഇന്‍സ്‌പെക്ടര്‍ ആകണമെന്ന ആഗ്രഹത്തിന് മാറ്റമില്ലായിരുന്നു. ഒടുവില്‍ അത് സാധിച്ച് നല്‍കാന്‍ തന്നെ തീരുമാനിച്ചു മുംബൈ പൊലീസ്. വ്യാഴാഴ്ച മണിക്കൂറുകളോളം മുംബൈയിലെ മുലുന്ത് പൊലീസ് സ്റ്റേഷനെ നിയന്ത്രിച്ചത് ഈ ഏഴ് വയസ്സുകാരനാണ്. 

Scroll to load tweet…

ജീവന്‍ നഷ്ടമായേക്കാവുന്ന അസുഖം ബാധിച്ച 3 മുതല്‍ 17 വയസ്സ് വരെ പ്രായമായ കുട്ടികളുടെ ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ സഹായിക്കുന്ന മേക്ക് എ വിഷ് എന്ന എന്‍ജിഒ ആണ് ആഷിഷിന് തന്റെ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കിയത്. മുംബൈ പൊലീസുകൂടി ഇതിന് ഒപ്പം നിന്നതോടെ അവന്റെ ആഗ്രഹം സഫലമായി. 

തനിക്ക് ഇന്‍സ്‌പെക്ടറുടെ കസേരയില്‍ യൂണിഫോം ധരിച്ച് ഇരിക്കാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടനായിരുന്നു ആഷിഷ്. അവന്റെ ആഹ്ലാദം കാണുമ്പോള്‍ തങ്ങള്‍ക്കും ഏറെ സന്തോഷമുണ്ടെന്ന് മുലുന്ത് പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.