കൊല്ലം ആയൂര്‍ സ്വദേശിനിയായ ആശാ ജേക്കബ് 2009ല്‍ ഭര്‍ത്താവ് മാത്യുവിന് രോഗം വന്നപ്പോള്‍ വൃക്ക മാറ്റിവെക്കാന്‍ തീരുമാനിച്ചു. തിരുവനന്തപുരത്തെ ഇടനിലക്കാരനായ ബിജു ഇവരെ സമീപിച്ചു. അഞ്ച് ലക്ഷം രൂപക്ക് വൃക്ക ദാതാവിനെ എത്തിക്കാമെന്ന് വാഗ്ദാനം. മുന്‍കൂറായി ഒരു ലക്ഷം രൂപയും വാങ്ങി. തൊട്ടുപിറകെ വൃക്കദാതാവ് എത്തി അരലക്ഷം രൂപ ആദ്യം കൈപ്പറ്റി. പിന്നെ പല ആവശ്യങ്ങള്‍ പറഞ്ഞ് ഒരു ലക്ഷം രൂപ കൂടി വാങ്ങി. ആശുപത്രിയില്‍ ചില പരിശോധനകള്‍ക്ക് എത്തിയ ഇവര്‍ പക്ഷെ പിന്നീട് മുങ്ങി. ഫോണില്‍ പോലുംകിട്ടാത്ത അവസ്ഥയായി.

പിന്നെ കിഡ്നി ഫെഡറേഷന്‍വഴി വൃക്ക മാറ്റിവെക്കാനായിരുന്നു ശ്രമം. ഭര്‍ത്താവ് മാത്യുവിന് വൃക്ക കിട്ടുന്നതിന് പകരമായി, തൃശൂരിലുള്ള ജോണ്‍‍ എന്നയാള്‍ക്ക് ആശാ ജേക്കബ് സ്വന്തം വൃക്ക നല്‍കണം. എന്നാല്‍ ശസ്ത്രക്രിയക്ക് മുമ്പ് 2011 ജൂലൈ ഒന്നിന് മാത്യു മരിച്ചു. ആശ വൃക്ക കൊടുക്കാമെന്നേറ്റ ജോണ്‍ അതേ മാസം 20നും മരണത്തിന് കീഴടങ്ങി. എന്നിട്ടും തന്റെ വാക്ക് പാലിക്കാന്‍ മറ്റൊരാള്‍ക്ക് വൃക്ക ദാനം ചെയ്ത് മാതൃക കാട്ടുകയാണ് ഈ വീട്ടമ്മ ചെയ്തത്. ഇതുപോലെ ഇടനിലക്കാര്‍ ചതിച്ച നിരവധി പേര്‍ നമ്മുടെ നാട്ടിലുണ്ട്. കേസില്‍ പെടുമെന്ന ഭയം മൂലം ആരും ഇത് പുറത്ത് പറയുന്നില്ലെന്ന് മാത്രം. ഏജന്റുമാര്‍ മുതലെടുക്കുന്നതും ഇത് തന്നെ.