നിങ്ങള്‍ക്ക് ആരെങ്കിലുമായി അടിപിടയില്‍ ഏര്‍പ്പെടേണ്ടി വന്നാല്‍  അവരെ കൊന്നിട്ട് വരിക, ബാക്കി കാര്യങ്ങള്‍ തങ്ങള്‍ നോക്കാം എന്നാണ് വൈസ് ചാന്‍സലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ സന്ദേശം

ഗാസിപൂര്‍: വിദ്യാര്‍ത്ഥികള്‍ക്ക് കൊലപാതകത്തെ ന്യായീകരിച്ച് സന്ദേശം നല്‍കിയ വൈസ് ചാന്‍സലറുടെ നടപടി വിവാദമാകുന്നു. ഉത്തര്‍പ്രദേശിലെ ജോന്‍പൂരിലെ വീര്‍ ബഹാദുര്‍ സിങ് പുര്‍വ്വാന്‍ചല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ രാജാറാം യാദവിന്റെ സന്ദേശമാണ് വിവാദമായിരിക്കുന്നത്. ഗാസിപൂരില്‍ ഒരു കോളേജിലെ പ്രസംഗത്തിന് ഇടയിലാണ് വിവാദ പരാമര്‍ശം.

പുര്‍വ്വാന്‍ചല്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഒരിക്കലും കരഞ്ഞുകൊണ്ട് തന്നെ സമീപിക്കരുത്. നിങ്ങള്‍ക്ക് ആരെങ്കിലുമായി അടിപിടയില്‍ ഏര്‍പ്പെടേണ്ടി വന്നാല്‍ അവരെ കൊന്നിട്ട് വരിക, ബാക്കി കാര്യങ്ങള്‍ തങ്ങള്‍ നോക്കാം എന്നാണ് വൈസ് ചാന്‍സലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ സന്ദേശം. ഒരു സംഘടനത്തില്‍ ഏര്‍പ്പെടേണ്ടി വന്നാല്‍ അവരെ തല്ലുക മാത്രമല്ല സാധിക്കുമെങ്കില്‍ അവരെ കൊല്ലണമെന്നും രാജാറാം യാദവ് കൂട്ടിച്ചേര്‍ത്തു. 

കല്ലില്‍ നിന്ന് ജലമുണ്ടാക്കുന്നവന്‍ മാത്രമല്ല മികച്ച വിദ്യാര്‍ത്ഥി, ആശയങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നവനാണ് മികച്ചവനെന്നും രാജാറാം സന്ദേശത്തില്‍ പറയുന്നു. അലഹബാദ് സര്‍വ്വകലാശാലയിലെ ഊര്‍ജതന്ത്രം പ്രൊഫസറായിരുന്ന രാജാറാം യാദവിനെ കഴിഞ്ഞ വര്‍ഷമാണ് പുര്‍വ്വാന്‍ചലിലെ വൈസ് ചാന്‍സലറായി നിയമിക്കുന്നത്. 

പ്രധാനമന്ത്രിയുടെ സമ്മേളനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് കഴിഞ്ഞ ദിവസം ഗാസിപൂരില്‍ നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകം പ്രോല്‍സാഹിപ്പിച്ച് കൊണ്ടുള്ള വൈസ് ചാന്‍സലറുടെ സന്ദേശം. രാജാറാം യാദവിന്റെ സന്ദേശത്തിനെതിരെ രൂക്ഷമായ പ്രതികരണമാണ് പുറത്ത് വരുന്നത്.