അമേരിക്കയും സഖ്യരാജ്യങ്ങളും യുഎന്നും ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ക്കിടയിലും പിന്നോട്ട് പോക്കില്ലെന്ന് പ്രഖ്യാപിച്ച കിം ജോംഗ് ഉന്നാണ് അപ്രതീക്ഷിത നടപടിയിലൂടെ ലോകരാജ്യങ്ങളെ ഞെട്ടിച്ചിരിക്കുന്നത്

സോള്‍: ആണവപരീക്ഷണങ്ങള്‍ നിര്‍ത്തിവച്ചതായി വടക്കന്‍ കൊറിയ പ്രഖ്യാപിച്ചു. ഭരണകക്ഷിയായ കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി മീറ്റിംഗിന് ശേഷം പ്രസിഡന്റ് കിം ജോംഗ് ഉന്നാണ് പ്രഖ്യാപനം നടത്തിയത്. തെക്കന്‍ കൊറിയന്‍ പ്രസിഡന്റുമായി ഈ മാസവും ഡോണള്‍ഡ് ട്രംപുമായി ജൂണിലും ചര്‍ച്ച നടക്കാനിരിക്കെയാണ് വടക്കന്‍ കൊറിയയുടെ നിര്‍ണായക ചുവടുവയ്പ്. 

അമേരിക്കയും സഖ്യരാജ്യങ്ങളും യുഎന്നും ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ക്കിടയിലും പിന്നോട്ട് പോക്കില്ലെന്ന് പ്രഖ്യാപിച്ച കിം ജോംഗ് ഉന്നാണ് അപ്രതീക്ഷിത നടപടിയിലൂടെ ലോകരാജ്യങ്ങളെ ഞെട്ടിച്ചിരിക്കുന്നത്. നേരത്തെ മിസൈല്‍ പരീക്ഷണങ്ങളുടെ പേരില്‍ വിമര്‍ശനമുയരുമ്പോഴും പുതിയ ഉപരോധം വരുമ്പോഴും അടുത്ത മിസൈല്‍ തൊടുത്ത് തിരിച്ചടിക്കുന്നതായിരുന്നു കിമ്മിന്റെ ശൈലി. 

എന്നാലിപ്പോള്‍ തെക്കന്‍ കൊറിയന്‍ പ്രസിഡന്റുമായും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായും നല്ല ബന്ധത്തിലേക്ക് നീങ്ങുന്ന വടക്കന്‍ കൊറിയ ചര്‍ച്ചയ്ക്കുള്ള അന്തരീക്ഷം കൂടുതല്‍ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് നിര്‍ണായക നടപടി എടുത്തിരിക്കുന്നത്. ഇന്ന് മുതല്‍ മിസൈല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തിവക്കുമെന്നാണ് കിം ജോംഗ് ഉന്നിന്റെ പ്രഖ്യാപനം. ഒപ്പം ആണവ പരീക്ഷണ ശാല അടച്ചുപൂട്ടുമെന്നും കിം പ്രഖ്യാപിച്ചു. 

വടക്കന്‍ കൊറിയയുടെ നിലപാടിനെ തെക്കന്‍ കൊറിയയും അമേരിക്കയും ചൈനയും ജപ്പാനും സ്വാഗതം ചെയ്തു. ഇരുകൊറിയകള്‍ക്കുമിടയില്‍ ഹോട്ട്!ലൈന്‍ ബന്ധം പുനസ്ഥാപിക്കപ്പെട്ടതിന് പിന്നാലെയുള്ള കിം ജോംഗ് ഉന്നിന്റെ ഈ നടപടി ഈ മാസമൊടുവില്‍ കിംഫമൂണ്‍ ജെ ഇന്‍ കൂടിക്കാഴ്ചയ്ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുത്തത്. ജൂണില്‍ നടക്കാനിരിക്കുന്ന ട്രംപ് കിം ജോംഗ് ഉന്‍ കൂടിക്കാഴ്ചയേയും ഇത് സ്വാധീനിക്കും.