കൊച്ചി : കൊച്ചി മറൈന്‍ ഡ്രൈവില്‍ ഒന്നിച്ചിരുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെ കിസ് ഓഫ് ലൗ പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്തിട്ടുള്ള പ്രതിഷേധം നടന്നു. സമൂഹ മാധ്യമങ്ങളിലെ കിസ് ഓഫ് ലവിന്റെ പേജിലൂടെയായിരുന്നു ആഹ്വാനം. കമ്മിഷണറുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം മറൈന്‍ ഡ്രൈവില്‍ എത്തിയിട്ടുണ്ട്. 

കിസ് ഓഫ് ലവിനെ കൂടാതെ എസ്.എഫ്.ഐ, ഡിവൈഎഫ്‌ഐ സംഘടനകള്‍ ആഹ്വാനം ചെയ്ത 'സ്‌നേഹ ഇരിപ്പു സമര'വും കെ.എസ്.യു പ്രവര്‍ത്തകരുടെ 'സദാചാര ചൂരല്‍ സമര'വും മറൈന്‍ ഡ്രൈവില്‍ നടന്നു. തിരുവനന്തപുരം കനകകുന്നിലും, കോഴിക്കോട് മാനഞ്ചിറയിലും സമാനമായ പ്രതിഷേധ പരിപാടികള്‍ അരങ്ങേറി.