മാണി വന്നിട്ടും യുഡിഎഫിന് തോല്‍വി ഭരിക്കുന്ന പഞ്ചായത്തിലും കേരള കോണ്‍ഗ്രസ് എമ്മിന് തിരിച്ചടി
ചെങ്ങന്നൂര്: മാണി വരുന്നു... മാണി വരുന്നു... പ്രചാരണച്ചൂട് കത്തി നില്ക്കുന്ന സമയത്ത് യുഡിഎഫ് ചെങ്ങന്നൂരില് ഉയര്ത്തിയ മുദ്രാവാക്യമായിരുന്നു ഇത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫില് വിള്ളലുണ്ടാക്കി പുറത്തു പോയ കെ.എം. മാണിയെയും കേരള കോണ്ഗ്രസിനെയും ഒപ്പം കൂട്ടാന് നടത്തിയ നീക്കങ്ങള് വിജയിച്ചതിന്റെ ആത്മവിശ്വാസമായിരുന്നു മാണിയുടെ വരവിനെ ഉയര്ത്തിക്കാട്ടിയുള്ള യുഡിഎഫ് പ്രചാരണത്തിന്റെ കാതല്.
പക്ഷേ, മണ്ഡലത്തിലെ ക്രിസ്ത്യന് വോട്ടുകള് ലക്ഷ്യമാക്കി നടത്തിയ ഈ നീക്കം അമ്പേ പരാജയപ്പെട്ടിരിക്കുന്നു. മാണി വന്നിട്ടും വലിയ ഗുണമൊന്നുമുണ്ടായിട്ടില്ലെന്ന് യുഡിഎഫില് അടക്കം പറച്ചിലുകള് തുടങ്ങി കഴിഞ്ഞു. കോണ്ഗ്രസിനെ അടിമുടി വിമര്ശിച്ചു കളം വിട്ട മാണിയുടെ സഹായം നേടിയതില് ചില കോണ്ഗ്രസ് നേതാക്കള് തന്നെ പരസ്യമായും രഹസ്യമായും രംഗത്തു വന്നിരുന്നു.
യുഡിഎഫിന്റെ മുന്നിര നേതാക്കള് നേരിട്ടെത്തിയാണ് ചെങ്ങന്നൂരില് മാണിയുടെ പിന്തുണ തേടിയത്. മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം.എം. ഹസന്, മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എംപി എന്നിവരെല്ലാം ഈ സംഘത്തിലുണ്ടായിരുന്നു. ഇതിന് ശേഷം പ്രത്യേക ഉപസമിതി യോഗം പാലായില് ചേര്ന്ന ശേഷമാണ് യുഡിഎഫിനു ചെങ്ങന്നൂരില് പിന്തുണ കൊടുക്കാന് കേരള കോണ്ഗ്രസ് എം തീരുമാനിച്ചത്.

വിശ്വാസവും സ്നേഹവും തിരിച്ചു കിട്ടിയതിനാല് യുഡിഎഫിലേക്ക് തിരിച്ചെത്തിയെന്നാണ് മാണി ചെങ്ങന്നൂരില് വിശദീകരിച്ചത്. കേരള കോണ്ഗ്രസിനു ചെങ്ങന്നൂരില് എന്തു കാര്യം എന്ന് ചോദിച്ചവര്ക്ക് 1965ല് ഒറ്റയ്ക്ക് മത്സരിച്ച വിജയിച്ചതിന്റെ ചരിത്രവും ഉയര്ത്തി കാട്ടി. ക്രിസ്ത്യന് ന്യൂനപക്ഷങ്ങള്ക്കിടയിലുള്ള തങ്ങളുടെ വോട്ട് നിലനിര്ത്താമെന്ന പ്രതീക്ഷയായിരുന്നു മാണിക്കുണ്ടായിരുന്നത്.
പക്ഷേ, ഫലം വന്നപ്പോള് കേരള കോണ്ഗ്രസിന്റെ പിന്തുണ ഒരുതരത്തിലും തങ്ങളെ സഹായിച്ചിട്ടില്ലെന്ന് യുഡിഎഫിന് തന്നെ സമ്മതിക്കേണ്ടി വരുന്നു. രമേശ് ചെന്നിത്തല തന്നെ ചതിച്ചുവെന്നു ചരല്ക്കുന്നില് യോഗം നടത്തിയ ശേഷം പറഞ്ഞ മാണിയുടെ മനം മാറ്റം അത്ര എളുപ്പം പ്രവര്ത്തകരില്ലെത്തിയില്ലെന്നു വേണം കരുതാന്. മാണി യുഡിഎഫിനൊപ്പമാണെങ്കിലും അദ്ദേഹത്തിന്റെ മനസ് എല്ഡിഎഫിനൊപ്പമാണെന്നുള്ള സജി ചെറിയാന്റെ പ്രസ്താവനയും ഇതിനോട് ചേര്ത്തു വേണം വായിക്കാന്. കേരള കോണ്ഗ്രസ് വോട്ടിന്റെ ഏറിയ പങ്കും ഇടത് പെട്ടിയിലാണ് വീണെന്നാണ് എല്ഡിഎഫിന്റെ പ്രാഥമിക വിലയിരുത്തല്.
ഇതു ശരിയാണെങ്കില് യുഡിഎഫിലേക്കുള്ള മടങ്ങിപ്പോക്കില് രാഷ്ട്രീയ മലക്കം മറിച്ചിലുകളില് പിഴയ്ക്കാത്ത മാണിക്ക് ഇത്തവണ കണക്കുകള് തെറ്റിയെന്ന് ഏറ്റുപറയേണ്ടി വരും. കേരള കോണ്ഗ്രസ് ഭരിക്കുന്ന തിരുവന്വണ്ടൂര് പഞ്ചായത്തില് പോലും യുഡിഎഫിന് നിലം തെടാനാകാതെ പോയത് കേരള രാഷ്ട്രീയത്തില് മാണിയുടെ പ്രസക്തിയെ പോലും ചോദ്യചിഹ്നത്തില് നിര്ത്തുന്നു. രാഷ്ട്രീയത്തിന് അതീതമായ അടിയൊഴുക്കുകള് ചെങ്ങന്നൂരിലുണ്ടായെന്നാണ് ഫലപ്രഖ്യാപനത്തിന് ശേഷമുള്ള കെ.എം. മാണിയുടെ പ്രതികരണം.
