രാഷ്ട്രീയത്തിന് അതീതമായ അടിയൊഴുക്കുകള്‍ ഉണ്ടായെന്ന് മാണി

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ വിജയിച്ച സാഹചര്യത്തില്‍ പ്രതികരണവുമായി കെ എം മാണി. ചെങ്ങന്നൂരില്‍ രാഷ്ട്രീയത്തിന് അതീതമായ അടിയൊഴുക്കുകള്‍ ഉണ്ടായെന്ന് മാണി പറഞ്ഞു.

മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍വരെ മനസാക്ഷി വോട്ടെന്ന് പ്രഖ്യാപിച്ചിരുന്ന മാണി ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പാണ് യുഡിഎഫ് മുന്നണിയ്ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചത്. കേരള കോണ്‍ഗ്രസിനെ യുഡിഎഫ് നേതാക്കള്‍ നേരിട്ട് ചെന്ന് കണ്ടതിന് ശേഷമാണ് മാണി പിന്തുണ പ്രഖ്യാപിച്ചത്. 

എന്നാല്‍ തെരഞ്ഞെടുപ്പില്‍ മാണി ഇറങ്ങിയിട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് രക്ഷയായില്ല. കേരള കോണ്‍ഗ്രസ് ഭരിക്കുന്ന തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലും യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. 

അതേസമയം യുഡിഎഫ് പരാജയത്തില്‍ മാണിയെ പരിഹസിച്ച് വി എസ് അച്യുതാനന്ദനും രംഗത്തെത്തി. കെ എം മാണി കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നിട്ട് എന്തായെന്ന് വിഎസ് ചോദിച്ചു. 2016 ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ വോട്ടുകള്‍ പോലും സമാഹരിക്കാന്‍ വിജയകുമാറിന് ആയില്ല. 20956 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സജി ചെറിയാന്‍ വിജയിച്ചത്. 

കോണ്‍ഗ്രസിന് സ്വാധീനമുള്ള മാന്നാറും പാണ്ഡനാടുമടക്കം യുഡിഎഫിന് ഭൂരിപക്ഷം നേടാനായില്ല. വിജയ കുമാറിന്‍റെ പഞ്ചായത്തിലും സജി ചെറിയാനാണ് ലീഡ് നേടിയത്. ഇതിനിടെ ഫലം അപ്രതീക്ഷിതിമെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. വര്‍ഗ്ഗീയത പ്രചരിപ്പിച്ച് നേടിയ വിജയമാണ് സജി ചെറിയാന്‍റേതെന്ന് ചെന്നിത്തല പ്രതികരിച്ചു.