Asianet News MalayalamAsianet News Malayalam

'എഴുത്തും കഴുത്തും ഒരുപോലെ ആവശ്യമുള്ളത് റെഡ് ടെററിസ്റ്റുകള്‍ക്കാണ്; ബ്ലാക്ക് ജീനിയസുകൾ നിലകൊള്ളുന്നതും അവർക്ക് വേണ്ടിയാണ്'

പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം. പിന്നാലെ പ്രതികരിക്കാത്ത സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ വാഴപ്പിണ്ടി പ്രതിഷേധം. പ്രതിഷേധത്തില്‍ വിടി ബല്‍റാമിനെ ലക്ഷ്യമിട്ട് എഴുത്തുകാരി കെആര്‍ മീരയുടെ പ്രതികരണം.

km shaji mla support vt balram in facebook war with kr meera
Author
Kerala, First Published Feb 24, 2019, 8:59 PM IST

തിരുവനന്തപുരം: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം. പിന്നാലെ പ്രതികരിക്കാത്ത സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ വാഴപ്പിണ്ടി പ്രതിഷേധം. പ്രതിഷേധത്തില്‍ വിടി ബല്‍റാമിനെ ലക്ഷ്യമിട്ട് എഴുത്തുകാരി കെആര്‍ മീരയുടെ പ്രതികരണം. വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വിടി ബല്‍റാമിന്‍റെ കുറിപ്പ്. മീരയെ തെറിവിളിക്കാന്‍ ആഹ്വാനം ചെയ്തെന്ന് വിമര്‍ശനം. വീണ്ടും വിവാദം...

ഇങ്ങനെ ചര്‍ച്ചകള്‍ തുടരുകയാണ്. 'വാഴപ്പിണ്ടിയും കൊണ്ട് പോസ്റ്റ് ഓഫിസ് കയറിയിറങ്ങുന്നതിനു പകരം, കൊലപാതകം ആസൂത്രണം ചെയ്തതായി ബോധ്യമുള്ള സിപിഎം നേതാക്കളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരും വരെ  ഈ ബലരാമന് ഒരു ഉപവാസ സമരം നടത്തിക്കൂടേ?' എന്നാണ് കെ ആർ മീരയുടെ അവസാനമായി വന്ന പ്രതികരണം.

എന്നാല്‍ തെറിവിളിക്കാന്‍ ആഹ്വാനം ചെയ്തെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ബല്‍റാമിനെതിരെ പ്രതിഷേധം തുടരുന്നു. ഇതിന്‍റെ പ്രതിരോധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തുണ്ട്.

ഇതിനിടെ ബല്‍റാമിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് കെഎം ഷാജി എംഎല്‍എ. ഇടതു രാഷ്ട്രീയത്തിനകത്തുള്ള എഴുത്തുകാരും സാംസ്കാരിക നായകരും വിമര്‍ശനങ്ങള്‍ക്ക് അതീതമാണെന്നാണ് സിപിഎം മനുസ്മൃതിയെന്നും എന്നാല്‍ ഇത് എല്ലാവരും അനുസരിക്കണമെന്ന് പറഞ്ഞാല്‍ മനസില്ലെന്നാണ് ഉത്തരമെന്നും കെ എം ഷാജി ഫേസ്ബുക്കില്‍ കുറിച്ചു.

ശീതീകരിച്ച റൂമിലിരുന്നു മോഷണവും ഒരു കലയാണെന്ന് കാട്ടിത്തന്നവര്‍ ഇടതുപക്ഷത്തിന് വേണ്ടി നവോത്ഥാന സാംസ്കാരിക വിപ്ലവം നടത്തുകയാണ്. ആളുകളെ കൊന്നൊടുക്കി സംഘ ശക്തിയുടെ വിജയം സാധ്യമാക്കുന്നവര്‍ക്കെതിരെ മൗനത്തേക്കാള്‍ വലുതായി ഒന്നും ചെയ്യാനില്ല. വര്‍ഗവിപ്ലവത്തിന് നരബലി നടക്കുമ്പോള്‍ വാഴപ്പിണ്ടിയേക്കാള്‍ നല്ലൊരു സമരായുധമില്ലെന്ന് മാര്‍ക്സേട്ടന്‍ പറഞ്ഞിട്ടുണ്ടെന്നും ഷാജി പരിഹസിച്ചു.

അല്ലെങ്കിലും എഴുത്തോ കഴുത്തോ എന്ന ചോദ്യത്തിന് കഴുത്ത് നൽകിയ കല്പനാ സൃഷ്ടികളൊക്കെ പറയാൻ കൊള്ളാം.പക്ഷേ ഇവിടെ ആർക്കാണത് വേണ്ടത്.? കോൺഗ്രസ്സ്കാരും ലീഗുകാരും കേരള കോൺഗ്രസ്സുകാരുമൊന്നും ഇത്തരം കോപ്പിറൈറ്റ് ഐറ്റം കൊണ്ട് പിടിച്ചു നിൽക്കുന്നവരല്ല. അപ്പോൾ എഴുത്തും കഴുത്തും ഒരുപോലെ ആവശ്യമുള്ള ഒരു വിഭാഗം റെഡ് ടെററിസ്റ്റുകളാണ് കേരളത്തിൽ.ഈ ബ്ലാക്ക് ജീനിയസ്സുകൾ നിലകൊള്ളുന്നതും അവർക്ക് വേണ്ടിയാണ്.അതുകൊണ്ടാണ് ഇവർ വിമർശിക്കപ്പെടുമ്പോൾ പാടില്ലെന്ന തിട്ടൂരമുണ്ടാകുന്നതെന്നും ഷാജി പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം

ഇടതു രാഷ്ട്രീയത്തിനകത്തുള്ള എഴുത്തുകാരും സാംസ്കാരിക നായകരും വിമർശനങ്ങൾക്കതീതരാണെന്ന സി പി എം 'മനുസ്മൃതി' നാട്ടുകാർ മുഴുവൻ അനുസരിക്കണമെന്ന് പറഞ്ഞാൽ മനസ്സില്ല എന്നാണുത്തരം. എഴുത്ത് മനോഹരമായ പ്രവർത്തിയാണ്. പക്ഷേ എഴുത്തുൾകൊള്ളുന്ന സാംസ്കാരിക പ്രവർത്തനങ്ങൾ സി പി എം പ്രോപഗണ്ടക്കനുസരിച്ചുള്ള പണിയാകുമ്പോൾ വിമർശനങ്ങൾ ഏകപക്ഷീയമാകണമെന്ന് മാത്രം ശഠിക്കരുത്.

ശീതീകരിച്ച റൂമിലിരുന്ന് മോഷണവും ഒരു കലയാണെന്ന് കാട്ടിത്തന്നവർ ഇടതുപക്ഷത്തിന് വേണ്ടി നവോത്ഥാന സാംസ്കാരിക വിപ്ലവം നടത്തുകയാണ്. അവരെ ശല്യപ്പെടുത്തരുത്. യുപിഎ ഗവൺമെന്റ് കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്താനും പറയരുത്.

ആളുകളെ കൊന്നൊടുക്കി സംഘ ശക്തിയുടെ വിജയം സാധ്യമാക്കുന്നവർക്കെതിരെ മൗനത്തെക്കാൾ വലുതെന്തുണ്ട്. വർഗ്ഗ വിപ്ലവത്തിന് നരബലികൾ നടക്കുമ്പോൾ വാഴപ്പിണ്ടിയെക്കാൾ നല്ലൊരു സമരായുധമില്ലെന്ന് മാർക്സേട്ടൻ മുമ്പേ പറഞ്ഞിട്ടുണ്ട്. ഇതൊക്കെ പഠിച്ചിട്ട് വിമർശിക്കൂ കുഞ്ഞുങ്ങളെ.

അല്ലെങ്കിലും എഴുത്തോ കഴുത്തോ എന്ന ചോദ്യത്തിന് കഴുത്ത് നൽകിയ കല്പനാ സൃഷ്ടികളൊക്കെ പറയാൻ കൊള്ളാം.പക്ഷേ ഇവിടെ ആർക്കാണത് വേണ്ടത്.? കോൺഗ്രസ്സ്കാരും ലീഗുകാരും കേരള കോൺഗ്രസ്സുകാരുമൊന്നും ഇത്തരം കോപ്പിറൈറ്റ് ഐറ്റം കൊണ്ട് പിടിച്ചു നിൽക്കുന്നവരല്ല. അപ്പോൾ എഴുത്തും കഴുത്തും ഒരുപോലെ ആവശ്യമുള്ള ഒരു വിഭാഗം റെഡ് ടെററിസ്റ്റുകളാണ് കേരളത്തിൽ.ഈ ബ്ലാക്ക് ജീനിയസ്സുകൾ നിലകൊള്ളുന്നതും അവർക്ക് വേണ്ടിയാണ്.അതുകൊണ്ടാണ് ഇവർ വിമർശിക്കപ്പെടുമ്പോൾ പാടില്ലെന്ന തിട്ടൂരമുണ്ടാകുന്നത്.

അതു കൊണ്ട് തന്നെയാണ്
'ബ്രാന്മണദാസ്യം ശൂദ്ര ധർമ്മമെന്ന' പോലെ ഈ സി പി എം നിർമ്മിത വ്യാജ പൊതുബോധത്തെ, അതിന്റെ പ്രയോഗ്താക്കളെ ചോദ്യം ചെയ്യരുതെന്ന ആജ്ഞ ഉയരുന്നത്.അങ്ങനെ ഉയരുന്ന പക്ഷം വെട്ടുകിളികൾ വന്ന് നിങ്ങളെ 51 വെട്ട് വെട്ടി തീരുമാനമാക്കുന്നതാണ് ഈ വിപ്ലവ പൈങ്കിളിയുടെ ക്ലൈമാക്സ്.

അല്ലെങ്കിലും ആരാച്ചാരുടെ വിധി അനുസരിക്കുകയല്ലാതെ, ഇരകൾക്കെന്ത് ആവിഷ്കാരമാണ് ഈ ചുവന്ന ഗുണ്ടായിസത്തിനകത്ത്..

Follow Us:
Download App:
  • android
  • ios