ഡിസംബര്‍ അഞ്ചിനാണ് കൊച്ചി സെൻട്രൽ പോലീസ് സ്റ്റേഷനിൽ പോലീസുകാരുടെ കണ്ണിൽ കടലക്കറി ഒഴിച്ച് മോഷണക്കേസ് പ്രതി രക്ഷപ്പെട്ടത്.

കൊച്ചി: കഴിക്കാൻ നൽകിയ കടലക്കറി പൊലീസുകാരുടെ കണ്ണിലെറിഞ്ഞ് മോഷണക്കേസ് പ്രതി ഒടുവില്‍ പിടിയിലായി. ഡിസംബര്‍ അഞ്ചിനാണ് കൊച്ചി സെൻട്രൽ പോലീസ് സ്റ്റേഷനിൽ പൊലീസുകാരുടെ കണ്ണിൽ കടലക്കറി ഒഴിച്ച് മോഷണക്കേസ് പ്രതി രക്ഷപ്പെട്ടത്. പാലക്കാട് തൃത്താലയിൽ വച്ചാണ് നിരവധി കേസുകളിൽ പ്രതിയായ മലപ്പുറം സ്വദേശി തഫ്സീർ പിടിയിലായത്. ഡിസംബർ അഞ്ചിന് രാവിലെ മൂന്നരയ്ക്കാണ് തഫ്സീർ സ്റ്റേഷനിൽ ഡ്യുട്ടിയിൽ ഉണ്ടായിരുന്ന രണ്ട് പൊലീസുകാരെ ആക്രമിച്ചു ഓടിപ്പോയത്.

 സംഭവത്തിൽ രണ്ട് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. പൊന്നാനിക്കാരായ മുഹമ്മദ് അസ്ലം, തഫ്സീർ ദർവേഷ്. കൊച്ചി നഗരത്തിൽ അടുത്തയിടെ നടന്ന ചില മോഷണക്കേസുകളിൽ അറസ്റ്റിലായി റിമാൻഡിൽ ആയ ശേഷം ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി സെൻട്രൽ പോലീസ് കസ്റ്റഡിയിൽ വാങ്ങി. ഇവിടെ നിന്നാണ് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. പൊന്നാനിക്കാരായ മുഹമ്മദ് അസ്ലമിനെ സംഭവസ്ഥലത്ത് നിന്ന് തന്നെ പൊലീസ് പിടികൂടിയിരുന്നു.

ആസൂത്രിതമായ ശ്രമത്തിലൂടെയാണ് പ്രതികള്‍ രക്ഷപ്പെടാന്‍ നോക്കിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തലേന്ന് രാത്രി കഴിക്കാൻ ചപ്പാത്തിക്കൊപ്പം നൽകിയ കടലക്കറി കഴിക്കാതെ പ്രതികൾ ഗ്ലാസ്സിൽ ഒഴിച്ചു സൂക്ഷിച്ച് വച്ച ശേഷമാണ് പൊലീസുകാരെ ആക്രമിച്ചത്. ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തായിരുന്നു.