കൊച്ചി എം ജി റോഡിലെ ചിക്കിംഗിലാണ് സാൻഡ്‍വിച്ചിലെ ചിക്കനെ ചൊല്ലി ഇന്ന് രാവിലെ സംഘർഷമുണ്ടായത്.

കൊച്ചി: സാൻഡ്‍വിച്ചിൽ ചിക്കൻ കുറഞ്ഞെന്ന പരാതിയെ ചൊല്ലി കൊച്ചിയിൽ സംഘർഷമുണ്ടായ സംഭവത്തിൽ വിദ്യാർത്ഥികളുടെ ബന്ധുവായ ഒരാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ചിക്കിംഗ് ജീവനക്കാരൻ ആശുപത്രിയിൽ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു. കൊച്ചി എം ജി റോഡിലെ ചിക്കിംഗിലാണ് സാൻഡ്‍വിച്ചിലെ ചിക്കനെ ചൊല്ലി ഇന്ന് രാവിലെ സംഘർഷമുണ്ടായത്. ഭക്ഷണം കഴിക്കാൻ എത്തിയ വിദ്യാർത്ഥികൾക്കൊപ്പം സഹോദരങ്ങൾ കൂടി വെല്ലുവിളിയുമായി എത്തിയതോടെ കൊച്ചി എം ജി റോഡിലെ ചിക്കിംഗ് മാനേജർ കത്തി എടുത്താണ് മറുപടി നൽകിയത്.

കൊച്ചിയിൽ സിബിഎസ്ഇ സ്കൂൾ സംസ്ഥാന കായികമേളയ്ക്ക് എത്തിയ വിദ്യാർത്ഥികളാണ് പരിപാടിക്കിടെ കൊച്ചി എംജി റോഡ് ചിക്കിംഗിൽ എത്തി ചിക്കൻ സാൻഡ് വിച്ച് ഓർഡർ ചെയ്തു. പേരിനു പോലും ചിക്കൻ ഇല്ലല്ലോ എന്ന് ജീവനക്കാരോട് വിദ്യാർത്ഥികളുടെ പരാതിയാണ് വാക്കു തർക്കത്തിലേക്ക് എത്തിയത്. പിന്നീട് കടയിൽ നിന്നിറങ്ങിയ വിദ്യാർത്ഥികൾ സ​ഹോദരൻമാരുമായി കടയിലെത്തി. ചേട്ടൻമാരെത്തിയതോടെ തർക്കം കയ്യാങ്കളിയിലെത്തി. 

പിന്നാലെ ചിക്കിംഗ് മാനേജർ അടുക്കളയിലേക്ക് ഓടി കത്തിയുമായി വന്നു. എന്നാൽ മാനേജരെ കസേര കൊണ്ട് മർദിച്ച് കീഴ്പ്പെടുത്തി. സംഘർഷത്തിൽ ഇരുകൂട്ടർക്കും പരിക്കേൽക്കുകയും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് ഒപ്പം എത്തിയവർ തൻറെ മൊബൈൽ തട്ടിപ്പറിച്ച് ഓടിയെന്നും ജീവൻ രക്ഷിക്കാനാണ് കത്തി എടുക്കേണ്ടി വന്നതെന്നുമാണ് മാനേജർ പൊലീസിന് മൊഴി. ചിക്കിംഗ് ജീവനക്കാരാണ് കയ്യേറ്റം തുടങ്ങിയതെന്നാണ് വിദ്യാർത്ഥികളുടെ വാദം.

Asianet News Live | New Year 2026 | Malayalam Live News | Breaking News l Kerala Live News Updates