ആലുവ മുതല്‍ കലൂര്‍ വരെയുളള കൊച്ചി മെട്രോ നിര്‍മ്മാണം മന്ദഗതിയില്‍. നിര്‍മ്മാണകരാറുകാരായ എല്‍ ആൻഡ് ടി സാമ്പത്തിക പ്രതിസന്ധി കാരണം ജൂണ്‍ പകുതിയായിട്ടും തൊഴിലാളികള്‍ക്ക് ശ്മപളം കൊടുക്കാൻ കഴിഞ്ഞിട്ടില്ല. കൊച്ചി മെട്രോയ്ക്കായി സ്ഥലം ഏറ്റെടുത്ത് നല്‍കാൻ വൈകിയത് മൂലം 130 കോടി രൂപയുടെ നഷ്ടമുണ്ടായതായി എല്‍ ആൻഡ് ടി അറിയിച്ചു

ആലുവ മുതല്‍ കലൂര്‍ വരെയുളള കൊച്ചി മെട്രോ നിര്‍മ്മാണത്തിനായി 2013 ജൂണിലാണ് എല്‍ ആൻഡ് ടിയുമായി ഡിഎംആറ്‍സി നിര്‍മ്മാണ കരാര്‍ ഒപ്പുവെച്ചത്. 539 കോടി രൂപയ്ക്കായിരുന്നു കരാര്‍. എന്നാല്‍ പലയിടത്തും സ്ഥലം ഏറ്റെടുത്ത് നല്‍കിയത് മാസങ്ങള്‍ക്കു ശേഷമാണ്. ഈ കാലമത്രയും നിര്‍മ്മാണത്തിനാവശ്യമായ യന്ത്രസാമഗ്രികള്‍ വൻതുകയ്ക്കാണ് വാടകയ്ക്ക് എടുത്തിരുന്നത്. ഉദാഹരണത്തിന് ഡ്രില്ലിംഗ് മെഷീന് ഒരാഴ്ചയ്ക്കു വേണ്ട വാടകത്തുക മൂന്നര ലക്ഷം രൂപയാണ്. വാടകയിനത്തില്‍ മാത്രം ഇതിലൂടെ നഷ്ടമായത് കോടിക്കണക്കിന് രൂപയാണ്. പണി നടക്കുന്നില്ലെങ്കിലും ഇതര സംസ്ഥാനത്ത് നിന്നെത്തിയ തൊഴിലാളികള്‍ക്ക് അടിസ്ഥാന കൂലിയും നല്‍കേണ്ടി വന്നു. ഇതുവരെ എല്‍ആൻടിക്കു നഷ്ടം 130 കോടി രൂപയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാൻ പോലും കഴിഞ്ഞിട്ടില്ല. മാസം പകുതിയായിട്ടും ശമപ്ളം മുടങ്ങിയതോടെ തൊഴിലാളികള്‍ മെല്ലെപോക്കിലാണ്. ഏപ്രിലിലില്‍ മെട്രോ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആദ്യ റീച്ചിലെ നിര്‍മ്മാണം ഇഴയുന്നത് അധികൃതര്‍ക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്.