കൊച്ചി മെട്രോ ആദ്യഘട്ടത്തിന് റെയില്‍ സുരക്ഷാ കമ്മീഷണറുടെ പച്ചക്കൊടി. നിര്‍മാണ പ്രവര്‍ത്തനത്തില്‍ തൃപ്തി രേഖപ്പെടുത്തിയ മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണര്‍ കെ.എ മനോഹരന്‍ തിങ്കളാഴ്ച അന്തിമ അനുമതി റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും. ഒരാഴ്ചക്കുള്ളില്‍ ആദ്യഘട്ട സര്‍വീസിനുള്ള അനുമതി കിട്ടുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതീക്ഷ.

മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ മൂന്നു ദിവസം നീണ്ടുനിന്ന പരിശോധന സത്യത്തില്‍ കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന് അഗ്നി പരീക്ഷയായിരുന്നു. നിര്‍മാണം സംബന്ധിച്ച് ഏന്തെങ്കിലും കാര്യത്തില്‍ അതൃപ്തിയുണ്ടായാല്‍ അന്തിമാനുമതിക്കായി വീണ്ടും കാക്കണം. എന്നാല്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 11 സ്റ്റേഷനുകളുടെ നിര്‍മാണത്തില്‍ പൂര്‍ണ തൃപ്തിയാണ് റെയില്‍ സുരക്ഷാ കമ്മീഷണര്‍ പ്രകടിപ്പിച്ചത്. മെട്രോ റെയില്‍ നിര്‍മാണത്തിലെ ഡി.എം.ആര്‍.സിയുടെ അനുഭവ പരിചയം ഇക്കാര്യത്തില്‍ കൊച്ചി മെട്രോക്ക് മുതല്‍ക്കൂട്ടായി. സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍, റെയില്‍ പാളത്തിന്റെയും ബോഗികളുടെയും സുരക്ഷ, സിഗ്നല്‍ സംവിധാനങ്ങള്‍, ടെലികോം സംവിധാനം, കണ്‍ട്രോള്‍ സെന്ററിലെ സൗകര്യങ്ങള്‍, തുടങ്ങിയവയാണ് അഞ്ചംഗ സുരക്ഷാസംഘം പരിശോധിച്ചത്.

സ്റ്റേഷനുകളുടെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കെ.എം.ആര്‍.എല്‍ ഒരുക്കിയ തീം ബേസ്ഡ് ഡിസൈനുകളെ റെയില്‍ സുരക്ഷാ കമ്മീഷണര്‍ അഭിനന്ദിച്ചു. പാസഞ്ചര്‍ ഇന്‍ഫോര്‍മേഷന്‍ സംവിധാനവുമായി ബന്ധപ്പെട്ട ചില ജോലികളാണ് ഇനി പൂര്‍ത്തിയാകാനുളളത്. ചില സ്റ്റേഷനുകളില്‍ നിരീക്ഷണ ക്യാമറകളും സ്ഥാപിക്കാനുണ്ട്. ഈ ജോലികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാനാണ് കെ.എം.ആര്‍.എല്ലിന്റെ നീക്കം. അന്തിമാനുമതി കിട്ടിയാല്‍ ജൂണ്‍ ആദ്യവാരത്തോടെ പ്രധാനമന്ത്രിയെ കൊച്ചിയില്‍ കൊണ്ടുവന്ന് ഉദ്ഘാടനം നടത്തിയ ശേഷം സര്‍വീസ് തുടങ്ങാനാണ് ആലോചന.