കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതി കൊച്ചി മെട്രോ കുതിപ്പ് തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദി പാലാരിവട്ടം മെട്രോ സ്റ്റേഷൻ പ്ലാറ്റ് ഫോമിന്റെ പ്രവേശനകവാടത്തിൽ നാട മുറിച്ചാണ് മെട്രോ യാത്ര ഉദ്ഘാടനം ചെയ്തത്. നാടമുറിക്കൽ ചടങ്ങിനു ശേഷം പ്രധാനമന്ത്രിയും സംഘവും മെട്രോ ട്രെയിനിൽ പാലാരിവട്ടം മുതൽ പത്തടിപ്പാലം വരെയും തിരിച്ചും സഞ്ചരിച്ചു.
ഗവർണർ, മുഖ്യമന്ത്രി പിണറായി വിജയൻ, വെങ്കയ്യ നായിഡു, ഇ. ശ്രീധരൻ, കേന്ദ്ര നഗരവികസന സെക്രട്ടറി രാജീവ് ഗൗബ, സംസ്ഥാന ചീഫ് സെക്രട്ടറി നളിനി നെറ്റോ, ഏലിയാസ് ജോർജ് എന്നിവർ ഒപ്പമുണ്ടായിരുന്നു. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13.4 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിലൂടെയാണു മെട്രോ കുതിക്കുക.
നേരത്തെ, കൊച്ചിയിലെ വ്യോമസേനാ വിമാനത്താവളത്തിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ ഗവർണർ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. റോഡ് മാർഗമാണ് പ്രധാനമന്ത്രി പാലാരിവട്ടം സ്റ്റേഷനിലെത്തിയത്.

